തിരുവനന്തപുരം :- സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ കേസുകളുടെ നടത്തിപ്പിനായി പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ സർക്കാർ അനുമതി നൽകി. പോലീസ് മേധാവിയുടെ ശുപാർശ പരിഗണിച്ചാണ് സർക്കാർ നടപടി. സൈബർ ഡിവിഷൻ ആസ്ഥാനം, സൈബർ പട്രോളിങ്, സൈബർ സ്റ്റേഷൻ എന്നിവ ആരംഭിക്കുന്നതിനാവശ്യമായ ജീവനക്കാരെ പുനർവിന്യാസത്തിലൂടെ കണ്ടെത്തും. ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിൽനിന്നും മറ്റു മേഖലകളിൽനിന്നും പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെ സൈബർ ഡിവിഷനിലേക്കു നിയോഗിക്കും.
സൈബർ ആസ്ഥാനത്ത് രണ്ട് എസ്.പി മാരും രണ്ട് ഡിവൈ.എസ്.പി മാരും എട്ട് സി.ഐ മാരുമുണ്ടാകും. സൈബർ പട്രോളിങ്ങിന് എട്ട് വീതം എസ്.ഐ മാരും സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരുമുണ്ടാകും. സൈബർ പോലീസ് സ്റ്റേഷനുകളിൽ രണ്ട് ഡിവൈ.എസ്.പി മാരും അഞ്ച് സി.ഐ മാരും 72 സി.ഐ മാരും ഉണ്ടാകും. ആകെ 466 ഉദ്യോഗസ്ഥരെയാണ് പുതിയ വിഭാഗത്തിലേക്കു വേണ്ടി വരിക.