കെ. സുരേന്ദ്രൻ നയിക്കുന്ന NDA കേരള പദയാത്രയ്ക്ക് കണ്ണൂരിൽ ഗംഭീര സ്വീകരണം


കണ്ണൂർ :- എൻ.ഡി.എ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കണ്ണൂരിൽ ഗംഭീര വരവേൽപ്പ്. രാവിലെ പറശ്ശിനിക്കടവ് മുത്തപ്പൻക്ഷേത്ര ത്തിലെ ദർശനത്തിന് ശേഷമാണ് കണ്ണൂരിലെ പര്യടനം തുടങ്ങിയത്. കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പരിപാടിയിലും സാമൂഹിക-സാംസ്കാരിക നേതാക്കളുടെ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു.

കണ്ണൂർ സെൻട്രൽ ജയിലിലുള്ള പാർട്ടി പ്രവർത്തകരെയും സന്ദർശിച്ചു. വൈകീട്ട് മൂന്നിന് ടൗൺ സ്ക്വയറിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിനുശേഷമാണ് ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന കേരള പദയാത്ര ആരംഭിച്ചത്. കെ.സുരേന്ദ്രനൊപ്പം സുരേഷ് ഗോപിയും പദയാത്രയിൽ നടന്നു നീങ്ങിയതോടെ പ്രവർത്തകർ ആവേശത്തിലായി. പഴയ ബസ്സ്റ്റാൻഡുവരെ സുരേഷ് ഗോപി പദയാത്രയുടെ ഭാഗമായി. കണ്ണൂർനഗരം ചുറ്റി പള്ളിക്കുന്ന് വഴി പുതിയതെരുവിൽ പദയാത്ര സമാപിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.രഘുനാഥ് അധ്യക്ഷനായി. ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ്റ് എ.പി അബ്ദുള്ളക്കുട്ടി, പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭൻ, ബി.ഡി.ജെ.എസ് സംസ്ഥാനവൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ശിവസേന സംസ്ഥാന അധ്യക്ഷൻ പേരൂർക്കട ഹരികുമാർ, നാഷണലിസ്റ്റ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ ഗിരി, എസ്.ജെ.ഡി സംസ്ഥാന അധ്യക്ഷൻ വി.വി രാജേന്ദ്രൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് എന്നിവർ പങ്കെടുത്തു. സമാപനസമ്മേളനം എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.സി മനോജ് അധ്യക്ഷനായി.






Previous Post Next Post