കണ്ണൂർ :- നവകേരളം കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' പ്രചാരണത്തിൻ്റെ ഭാഗമായി 'അങ്കൺജ്യോതി' പദ്ധതി ഒരുങ്ങുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 347 അങ്കണവാടികളിൽ പുകയില്ലാത്ത അടുക്കളകൾ തയ്യാറാക്കും. ജില്ലാതല ഉദ്ഘാടനം 20-ന് പെരളശ്ശേരിയിൽ പുരാവസ്തു, രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ജില്ലയിൽ ധർമ്മടം നിയോജകമണ്ഡലത്തിലെ മുഴുവൻ അങ്ക ണവാടികളിലും മുഴക്കുന്ന്, പായം, ഉദയഗിരി, കുറുമാത്തൂർ, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടം നടപ്പാക്കുന്നത്.
ഇൻഡക്ഷൻ കുക്കർ, ഇൻഡക്ഷൻ ബേസ്ഡ് ഇഡ്ഡലി കുക്കർ, ഉരുളി, പ്രഷർ കുക്കർ, റൈസ് കുക്കർ തുടങ്ങിയവയാണ് വിതരണം ചെയ്യുക. പാചകത്തിൻ്റെ വേഗം കൂട്ടാനും കാർബൺ ബഹിർഗമനമില്ലാതെ പാചകം ഉറപ്പാക്കാനുമാണ് ഇവ നൽകുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനാണ് 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിൻ ഹരിതകേരള മിഷൻ നടപ്പാക്കുന്നത്. ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഊർജ ഉപയോഗം കാര്യക്ഷമമാക്കാനായി ഊർജ ഓഡിറ്റുമുണ്ടാകും. തിരുവനന്തപുരത്തെ എനർജി മാനേജ്മെന്റ്റ് സെൻ്ററാണ് ഓഡിറ്റ് നടത്തുക.
തദ്ദേശഭരണ സ്ഥാപന പരിധിയിലെ സ്ഥാപന ങ്ങൾ നേരിടുന്ന ഊർജപ്രശ്നങ്ങൾ വിലയിരുത്താനാണ് ഓഡിറ്റ്. കണ്ടെത്തുന്ന ന്യൂനതകൾ പരിഹരിച്ചും വിവിധ സംവിധാനങ്ങൾ സ്ഥാപിച്ചും ഊർജ് കാര്യക്ഷമതാ സ്ഥാപനങ്ങളാക്കുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് സൗരോർജ പാനൽ, വൈദ്യുതി ചാർജിങ് സ്റ്റേഷൻ എന്നിവ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കും രൂപരേഖയായിട്ടുണ്ട്. എനർജി മാനേജ്മെൻ്റ് സെൻ്ററിൻ്റെ സഹായത്തോടെ ഊർജ മാതൃകാസ്ഥാപനങ്ങൾ ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്.