മട്ടന്നൂർ :- ഇത്തവണത്തെ ഹജ്ജ് തീർഥാടനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 2956 പേർ പുറപ്പെടും. മേയ് 26 മുതൽ ജൂൺ ഒൻപതുവരെയുള്ള ദിവസങ്ങളിലാണ് തീർഥാടകരുമായി ജിദ്ദയിലേക്ക് സർവീസുകളുണ്ടാകുക. കണ്ണൂരിൽ നിന്ന് സൗദി എയർ ലൈൻസാണ് ഹജ്ജ് സർവീസുകൾ നടത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 9770 പേരും കൊച്ചിയിൽ നിന്ന് 4309 പേരുമാണ് ഇത്തവണ ഹജ്ജിന് പുറപ്പെടുന്നത്. കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസും കരിപ്പൂരിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസും സർവീസ് നടത്തും. മദീനയിൽനിന്ന് ജൂലായ് ഒന്നു മുതൽ 21 വരെയാണ് തീർഥാടകരുടെ മടക്കയാത്ര.
കഴിഞ്ഞ വർഷം മുതലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം തുടങ്ങിയത്. 2030 പേരാണ് കഴിഞ്ഞ തവണ കണ്ണൂരിൽനിന്ന് ഹജ്ജിന് പുറപ്പെട്ടത്. വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിന് സൗകര്യമൊരുക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണയും വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിലായിരിക്കും ഹജ്ജ് ക്യാമ്പ് ഒരുക്കുന്നത്.