ഹജ്ജ് തീർത്ഥാടനം ; മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് മേയ് 26 മുതൽ സർവീസ്


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഹജ് വിമാന സർവീസ് മേയ് 26 ന് ആരംഭിക്കും. ജൂൺ 9 വരെയാണു സർവീസ് നടത്തുക. 2956 പേരാണ് ഇത്തവണ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യാൻ തെരഞ്ഞെടുത്തത്. വിമാനത്താവളത്തിലെ ഹജ് കേന്ദ്രത്തിൽ ക്രമീകരണം ഏർപ്പെടുത്താൻ ബജറ്റിൽ സർക്കാർ ഒരു കോടി രൂപ നീക്കി വച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്‌ഥാന ഹജ് കമ്മിറ്റി പ്രതിനിധികൾ കിയാൽ അധികൃതരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഇത്തവണ സൗദി എയർ ലൈൻസാണു കണ്ണൂരിൽ നിന്ന് ഹജ് സർവീസ് നടത്തുക. ഹജ് സർവീസിനായി വൈഡ് ബോഡി വിമാനമാണ് എയർ ലൈൻ ഉപയോഗിക്കുക. 10 മുതൽ 15 സർവീസുകളാണു കണ്ണൂരിൽ നിന്നു പ്രതീക്ഷിക്കുന്നത്. വെയ്റ്റിങ് ലിസ്റ്റിൽ നിന്നു കൂടുതൽ പേർക്ക് അവസരം ലഭിച്ചാൽ സർവീസുകളുടെ എണ്ണം കൂടും.

 4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി കണ്ണൂരിൽനിന്ന് ഹജ് വിമാന സർവീസ് ആരംഭിച്ചത്.ആദ്യ വർഷം തന്നെ വലിയ സ്വീകാര്യതയാണു കണ്ണൂരിനു ലഭിച്ചത്. 2030 പേരാണു കഴിഞ്ഞ വർഷം കണ്ണൂരിൽ നിന്നു ഹജ്ജിനു പുറപ്പെട്ടത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾക്കു പുറമേ സംസ്ഥ‌ാനത്തിനു പുറത്തു നിന്നുള്ള യാത്രക്കാരും കണ്ണൂരിൽ നിന്നു യാത്ര പുറപ്പെട്ടിരുന്നു.

Previous Post Next Post