മട്ടന്നൂർ :- 2024ൽ സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴിൽ ഹജ് യാത്ര പുറപ്പെടുന്നവരിൽ 2882 പേരാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം തിരഞ്ഞെടുത്തത്. 16,762 പേർക്കാണ് സംസ്‌ഥാനത്ത് ഹജ്‌ജിന് അവസരം ലഭിച്ചത്. കൂടുതൽ പേർ കോഴിക്കോട് വിമാനത്താവളമാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷമാണ് കണ്ണൂരിൽ നിന്ന് ഹജ് വിമാന സർവീസ് ആരംഭിച്ചത്. 2030 പേരാണ് കഴിഞ്ഞ വർഷം കണ്ണൂരിൽ നിന്ന് ഹജ്‌ജിന് പുറപ്പെട്ടത്. കണ്ണൂർ, കാസർകോട്, വയനാട് 2 ജില്ലകൾക്ക് പുറമേ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള യാത്രക്കാരും കണ്ണൂരിൽ നിന്ന് യാത്ര പുറപ്പെട്ടിരുന്നു.
രാജ്യാന്തര കാർഗോ കെട്ടിടത്തിൽ സംസ്‌ഥാന സർക്കാർ അനുവദിച്ച 1 കോടി രൂപ ചെലവിലാണ് കഴിഞ്ഞ തവണ ഹജ് കേന്ദ്രം ഒരുക്കിയിരുന്നത്. ഇത്തവണ അന്തിമ പട്ടിക പുറത്തുവരുന്ന സമയത്ത് കൂടുതൽ യാത്രക്കാർ കണ്ണൂർ വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ നിരക്കിലെ വ്യത്യാസം കൊണ്ട് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തവരിൽ ചിലർ കണ്ണൂർ പുറപ്പെടൽ കേന്ദ്രമായി മാറ്റാൻ ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞവർഷം എയർ ഇന്ത്യ എക്സ്പ്രസാണ് ഹജ് സർവീസ് നടത്തിയത്. ഇത്തവണ സൗദി എയർലൈൻസാണ് കണ്ണൂരിൽ നിന്നു ഹജ് സർവീസ് നടത്തുക.