തിരുവനന്തപുരം :- കരുംകുളം, രാമപുരം, റാന്നി, എഴുമറ്റൂർ പഞ്ചായത്തുകളിലെ അഞ്ച് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കി. ഇതിലൊരാൾ സിപിഎം അംഗവും മറ്റു രണ്ടുപേർ വീതം കോൺഗ്രസ്, ബിജെപി അംഗങ്ങളുമാണ്.
സിപിഎമ്മിലെ എസ്.സോളമൻ (കരുംകുളം, തിരുവനന്തപുരം), കോൺഗ്രസിലെ ഷൈനി സന്തോഷ് (രാമപുരം, കോട്ടയം), ലീലാമ്മ സാബു (എഴുമറ്റൂർ, പത്തനംതിട്ട), ബിജെപിയിലെ എം.പി രവീന്ദ്രൻ, എ.എസ്.വിനോദ് (റാന്നി, പത്തനംതിട്ട) എന്നിവരെയാണ് അയോഗ്യരാക്കിയത്. അംഗമായി തുടരുന്നതിനും ഫെബ്രുവരി 22 മുതൽ 6 വർഷത്തേക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുമാണ് വിലക്ക്.