കണ്ണാടിപ്പറമ്പ് :- വർഷങ്ങളായി ദുരിതത്തിന്റെ പടവുകൾ ഇറങ്ങുകയാണ് കണ്ണാടിപ്പറമ്പിലെ ശരീഫ്. കല്ല് കെട്ടിയ സ്റ്റെപ്പുകളിലൂടെ ഇറങ്ങി വീട്ടിലെത്താൻ പ്രയാസപ്പെടുകയാണ് കാലിന് സ്വാധീനം കുറഞ്ഞ ഈ ഭിന്നശേഷിക്കാരൻ.
ശരീഫ് ഉപയോഗിക്കുന്ന മുച്ചക്ര വാഹനം കാലപ്പഴക്കം കൊണ്ട് തകരാറിലാണ്. ഇത് എന്നും റിപ്പയർ ചെയ്യേണ്ട അവസ്ഥയിലാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഒരുപാട് പദ്ധതികൾ നിലവിലുണ്ടായിട്ടും ഉമ്മയും, ഭാര്യയും, രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിൻ്റെ നാഥനായ ശരീഫിൻ്റെ ദുരിതത്തിന് ഇനിയും പരിഹാരമായിട്ടില്ല.
എംപ്ലോയ്മെന്റ് വഴി താത്കാലികമായി ബീവറേജ് കോർപ്പറേഷനിൽ അറ്റന്റർ ആയി 6 മാസത്തോളം ജോലി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അന്ന് ഒന്നിച്ച് അവിടെ ജോലി ചെയ്തിരുന്ന പലരെയും സ്ഥിരപ്പെടുത്തിയെങ്കിലും തനിക്ക് പരിഗണന ലഭിച്ചിരുന്നില്ലെന്നും ജോലി സ്ഥിരപ്പെടുത്തി തരാനുള്ള പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നുമാണ് ശരീഫ് പറയുന്നത്. ഭിന്നശേഷിക്കാർക്കുള്ള പരിഗണന മാനിച്ച് തനിക്ക് ജോലിയൊന്നും ലഭിച്ചില്ലെന്നും ശരീഫ് പറയുന്നു.
ഇപ്പോൾ ചെറിയ രീതിയിൽ സൈക്കിൾ റിപ്പയർ ചെയ്ത് ലഭിക്കുന്ന നൂറോ, അൻപതോ രൂപ കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് ശരീഫ് നിസ്സഹായതയോടെ പറയുന്നു.
സുമനസ്സുകൾ ഈ നമ്പറിൽ ബന്ധപ്പെടുക : 9544086925 (ശരീഫ്)