ഗുരുവായൂർ ഉത്സവം ; സഹസ്രകലശച്ചടങ്ങുകൾ നാളെ മുതൽ


ഗുരുവായൂർ :- ക്ഷേത്രത്തിൽ ഉത്സവമുന്നോടിയായുള്ള സഹസ്രകലശച്ചടങ്ങുകൾ ചൊവ്വാഴ്ച ആരംഭിക്കും. വൈകീട്ട് ദീപാരാധനയ്ക്കു ശേഷം ആചാര്യവരണമാണ് ആദ്യം. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെ, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വസ്ത്രവും പവിത്രവും നൽകി ഉത്സവ ആചാര്യനായി വരിച്ചു കഴിഞ്ഞാൽ നാലമ്പലത്തിൽ മുളയിടൽ ചടങ്ങ്. ഫെബ്രുവരി 20-ന് സഹസ്ര കലശാഭിഷേകത്തോടെ എട്ടു ദിവസത്തെ കലശച്ചടങ്ങുകൾ സമാപിക്കും.

കലശദിവസങ്ങളിൽ ദർശന സംവിധാനത്തിൽ മാറ്റമുണ്ടാകും. വടക്കേനടയിലെ വാതിലിലൂടെയാണ് ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനം. ഒരു വരിയേ ഉണ്ടാകൂ. തിരിച്ചും ഇതു വഴിതന്നെ പുറത്തുകടക്കണം. മുതിർന്ന പൗരന്മാർക്കും തദ്ദേശവാസികൾക്കുമുള്ള പ്രത്യേക വരികൾ ഉണ്ടാകില്ല. 21-ന് രാത്രി പത്തു ദിവസത്തെ ഉത്സവത്തിന് കൊടിയേറും. അന്ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം.

Previous Post Next Post