ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു ; വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഐടി മേഖലകള്‍ക്ക് ഊന്നല്‍


കണ്ണൂർ :- കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഐടി മേഖലകള്‍ക്ക് മികച്ച പരിഗണന. ജില്ലയുടെ സമഗ്ര വികസനത്തിനുള്ള കാഴ്ചപ്പാടോടെ അവതരിപ്പിച്ച ബജറ്റില്‍ വിവര വിനിമയ രംഗത്തെ പുതുചലനങ്ങളുടെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്താനുള്ള പദ്ധതികളും മുന്നോട്ട് വെക്കുന്നു. ലൈഫ് ഭവന പദ്ധതി, സ്ത്രീപദവി ഉയര്‍ത്തല്‍, വയോജനക്ഷേമം, പാലിയേറ്റീവ് പരിചരണം തുടങ്ങിയ മേഖലയിലും നൂതന പദ്ധതികളും പരിഗണനയും നല്‍കുന്നുവെന്നതാണ് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അവതരിപ്പിച്ച ബജറ്റിന്റെ പ്രത്യേകത. കഴിഞ്ഞ മൂന്ന് വര്‍ഷം നടത്തിയ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളും സ്വരാജ് ട്രോഫി ഉള്‍പ്പെടെ കൈവരിച്ച അംഗീകാരങ്ങളും എടുത്തു പറഞ്ഞുകൊണ്ടാണ് ബജറ്റ് പുതിയ വര്‍ഷത്തിലേക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരംഭിച്ച വിജയകരമായ പദ്ധതികള്‍ തുടരുമെന്ന് ബജറ്റ് ഉറപ്പുനല്‍കുന്നു.

വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനൊപ്പം ദാരിദ്ര്യ നിര്‍മാര്‍ജനവും സാമൂഹ്യ ക്ഷേമവും ഉറപ്പുവരുത്തുന്നതിനും ഉതകുന്ന പദ്ധതികളാണ് ബജറ്റിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

നികുതിയേതര വരുമാനം, ഗ്രാന്റ് ഇന്‍ എയ്ഡ് എന്നീ ഇനങ്ങളില്‍ ഉള്‍പ്പെടെ ആകെ 132,72,12,210 രൂപയാണ് വരവ് പ്രതീക്ഷിക്കുന്നത്. 130,14,62,000 രൂപ ചെലവും 2,57,50,210 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. ജില്ലാ പഞ്ചായത്ത പ്രസിഡണ്ട് പി പി ദിവ്യയുടെ ആമുഖ പ്രസംഗത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ച നടത്തി. ഏകകണ്‌ഠേനേ ബജറ്റ് അംഗീകരിച്ചു.

Previous Post Next Post