കണ്ണൂർ :- സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലും കർശന പരിശോധന. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 156 സ്ഥാപനങ്ങൾ പൂട്ടാൻ നോട്ടീസ് നൽകി. തിങ്കളാഴ്ച ഒൻപത് സ്‌ക്വാഡുകളായി ചെറുതും വലുതുമായ 308 ഭക്ഷണശാലകളിൽ പരിശോധന നടത്തി. ഇവയിൽ 86 എണ്ണത്തിന് ലൈസൻസോ രജിസ്ട്രേഷനോ ഇല്ലെന്ന് കണ്ടെത്തി.
ചൊവ്വാഴ്ച 328 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ലൈസൻസോ രെജിസ്ട്രേഷനോ ഇല്ലാത്ത 70 സ്ഥാപനങ്ങൾ കണ്ടെത്തി. ഇവ പൂട്ടാൻ നോട്ടീസ് നൽകി. രജിസ്ട്രേഷനെടുത്തെങ്കിലും അതിൻ്റെ കാലാവധി കഴിഞ്ഞിട്ടും ലൈസൻസെടുക്കാതെ പ്രവർത്തിക്കുന്ന 47 സ്ഥാപനങ്ങളുണ്ടെന്ന് രണ്ട് ദിവസത്തെ പരിശോധനയിൽ കണ്ടെത്തി. 100 രൂപയുടെ റജിസ്ട്രേഷനെടുത്താൽ ഒരു വർഷം പ്രവർത്തിക്കാം. 2000 രൂപയടച്ച് ലൈസൻസെടുത്താൽ മാത്രമെ തുടർന്ന് പ്രവർത്തിക്കാനാകൂ. ഇത്തരം ലൈസൻസെടുക്കാത്ത 47 സ്ഥാപനങ്ങൾക്കാണ് ലൈസൻസെടുക്കാൻ നിർദേശം നൽകിയത്. ഇവയ്ക്ക് നിശ്ചിത രൂപ പിഴയടച്ച് ലൈസൻസെടുക്കാം.
കണ്ണൂർ നഗര ത്തിൽ നടന്ന പരിശോധനയിൽ ജില്ലാ നോഡൽ ഓഫീസർ കെ.സുജയൻ, മുഹമ്മദ് ഇസ്ഹാഖ് എന്നിവർ പങ്കെടുത്തു. ഓപ്പറേഷൻ ഫോസ്കോസ് എന്ന പേരിൽ നടത്തുന്ന പരിശോധന വ്യാഴാഴ്ചവരെ തുടരും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മിഷണർ കെ.പി മുസ്തഫ പറഞ്ഞു.