കുറ്റ്യാട്ടൂർ :- കാലാവസ്ഥ വ്യതിയാനം കാരണം നാടൻ മാവുകളും കുറ്റ്യാട്ടൂർ മാവുകളും ഇതുവരേയും പുത്തില്ല. തുടർച്ചയായി നാലാമത്തെ വർഷമാണ് മാവുകൾ പൂക്കാൻ വൈകുന്നതും ഉൽപ്പാദനം കുറയുന്നതും. ഇതോടെ കർഷകർക്ക് വിപണിയിൽ നിന്ന് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കാത്ത അവസ്ഥയാകും. മറ്റ് മാവുകളിൽ നിന്ന് വ്യത്യസ്തമായി കുറ്റ്യാട്ടൂർ മാവുകൾ നേരത്തെ പൂക്കും. ഫെബ്രുവരി മാസമാകുമ്പോഴേക്കും ഇവ വിളവെടുത്ത് വിപണയിലെത്തിയിട്ടുണ്ടാകും. കാലംതെറ്റി പെയ്‌ത മഴയും കാലാവസ്ഥയുമെല്ലാം മാവുകൾ പൂക്കാൻ കാലതാമസമുണ്ടാക്കി. നവംബർ ഡിസംബർ മാസം ലഭിക്കേണ്ട തണുപ്പുള്ള കാലാവസ്ഥ ഇത്തവണയുണ്ടായിരുന്നില്ല. ജനുവരി മാസം തുടങ്ങിയപ്പോഴാണ് തണുപ്പുണ്ടാകാൻ തുടങ്ങിയത്.
മാങ്ങ പറിക്കേണ്ട ഈ സമയം ഇവിടെ മാവുകൾ പുത്തു തുടങ്ങുന്നതേയുള്ളൂ. നിലവിൽ അഞ്ചുശതമാനം മാവുകൾ മാത്രമാണ് പൂത്തത്. രണ്ടുമാസമാകുമ്പേഴേക്കാണ് മാമ്പഴമുണ്ടാകുക. അപ്പോഴേക്ക് കാലവർഷം തുടങ്ങും. ഈ സമയത്ത് മാങ്ങയിൽ പുഴുക്കൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാങ്ങയുടെ വിൽപന കാര്യക്ഷമമല്ലാതാകുകയും കർഷകന് അർഹപ്പെട്ട വില ലഭിക്കാതെയും വരും. കഴിഞ്ഞ വർഷം മുപ്പത് ശതമാനം മാത്രം മാങ്ങയാണുണ്ടായത്. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഏകദേശം കാൽലക്ഷം മാവുകളാണുള്ളത്. സാധാരണ 3000 മുതൽ 5000 ടൺ വരെ മാങ്ങ വർഷത്തിൽ ലഭിച്ചിരുന്നു. കഴിഞ്ഞവർഷം 2000 ടൺ മാത്രം മാങ്ങയാണ് ലഭിച്ചത്. തുടർച്ചയായി ഉൽപ്പാദനം കുറയുന്നത് കർഷകരെ സാരമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല മാങ്ങയുടെ ഉൽപ്പാദനം കുറയുന്നത് ആശങ്കയുമുണ്ടാക്കുന്നു.
2021ൽ കുറ്റ്യാട്ടൂർ മാമ്പഴത്തിന് ഭൗമ സൂചികാ പദവി ലഭിച്ചിരുന്നു. ഇതോടെ വിദേശ രാജ്യങ്ങളിലേക്കടക്കം മാമ്പഴം കയറ്റുമതിയുണ്ട്. നിരവധ ഓർഡറുകളും ലഭിക്കുന്നുണ്ട്. ഉൽപ്പാദനം കുറയുന്നതിനാൽ ആവശ്യത്തിന് അനുസരിച്ച് മാമ്പഴം നൽകാൻ കഴിയാത്ത സ്ഥിതിയാണ്.
ഇവിടുത്തെ കർഷകരുടെ കൂട്ടായ്മയായ കുറ്റിയാട്ടൂർ മാംഗോ പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ കീഴിൽ മാമ്പഴത്തിന്റെ വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങൾ ഇവിടെയുള്ള ഔട്ട്ലെറ്റിൽ വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്. 600 കർഷകർ അംഗമായുള്ള കമ്പനിയിൽ കർഷകരിൽ നിന്ന് ശേഖരിക്കുന്ന മാമ്പഴം കൊണ്ട് 14 ഓളം മുല്യവർധിത ഉൽപ്പന്നങ്ങളാണ് തയാറാക്കുന്നത്. മാംഗോ സ്ക്വാഷ്, ജാർ, ജ്യൂസ്, മാംഗോബാർ, അച്ചാർ, ഉണക്കിയ മാങ്ങ, മാങ്ങാ പൗഡർ തുടങ്ങിയവ വർഷത്തിൽ എപ്പോഴും ഇവിടെ നിന്ന് ലഭിക്കും.