റെയിൽവേ സംരക്ഷണ സേനയുടെ ഇടപെടൽ ; കാസർഗോഡ് ട്രെയിനിൽ മറന്നു വെച്ച ബാഗ് കണ്ടെത്തി ഉടമസ്ഥന് നൽകി


കാസർഗോഡ് :-  ട്രെയിനിൽ മറന്നുവച്ച ബാഗിൽ മൊഗ്രാൽ സ്വദേശി പി.എസ് ഷഹീന്റെ ജീവിതം തന്നെയായിരുന്നു ഉണ്ടായിരുന്നത്. കുടുംബാംഗങ്ങളുടെ പാസ്പോർട്ട്, പിറ്റേന്നു വിദേശത്തേക്കു പോകേണ്ട വിമാന ടിക്കറ്റ്, ലാപ്ടോപ് അങ്ങനെ എല്ലാം. റെയിൽവേ സംരക്ഷണ സേനയെ അറിയിച്ചെങ്കിലും എല്ലാം നഷ്‌ടമായി എന്ന് ഷഹീൻ ഏതാണ്ട് ഉറപ്പിച്ചു. എന്നാൽ റെയിൽവേ സംരക്ഷണ സേനയുടെ കൃത്യതയാർന്ന ഇടപെടലിൽ രത്നഗിരിയിലെത്തിയിരുന്ന ട്രെയിനിൽ നിന്നു ബാഗ് കണ്ടെത്തി. അടുത്ത ട്രെയിനിൽ തിരികെ കാസർകോടെത്തിച്ചു.ബാഗ് കൈപ്പറ്റിയ ഷഹീന് കുടുംബത്തോടൊപ്പം അന്നു തന്നെ വിദേശത്തേക്കു പോകാനും കഴിഞ്ഞു. ബാഗിൽ ലാപ്ടോപ്പ് ഐപാഡ്, കുടുംബാംഗങ്ങളുടെ 3 പാസ്പോർട്ടുകൾ, വിമാന ടിക്കറ്റ് തുടങ്ങിയ രേഖകളുണ്ടായിരുന്നു. രാത്രി 9നാണ് തന്റെ നാലു ബാഗുകളിൽ ഒരെണ്ണം ട്രെയിനിൽ മറന്നുവെച്ച വിവരം ഷഹീൻ അറിയുന്നത്.

ഈ സമയം ട്രെയിൻ മഹാരാഷ്ട്രയിലെ രത്ന‌ഗിരി റെയിൽവേ സ്‌റ്റേഷനിൽ എത്താൻ അരമണിക്കൂർ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. തുടർന്ന് S ഷഹീൻ അഭിഭാഷകനായ ബി. എം.ജമാലിനെ ബന്ധപ്പെട്ടു. ഇദ്ദേഹം സെക്കന്തരാബാദിലുള്ള കാസർകോട് സ്വദേശിയായ ആർപിഎഫ്. അസി. കമ്മിഷണർ (ക്രൈം) കെ.പി. ജയിംസിനെ വിവരമറിയിച്ചു. തുടർന്ന് കൊങ്കൺ റെയിൽവേ ആർപി എഫ് അസി. കമ്മിഷണർ സതീഷ് മേനോനുമായി ബന്ധപ്പെടുകയും ചെയ്‌തു. ട്രെയിൻ രത്നഗിരി റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ഉടൻ റെയിൽവേ സംരക്ഷണ സേന ഇവർ സഞ്ചരിച്ച കോച്ചിലെത്തി. ക്ലീനിങ് വിഭാഗം സൂപ്പർവൈസറിൽ നിന്നു ബാഗും നഷ്‌ടപ്പെട്ട സാധനങ്ങളും കൈപ്പറ്റി. പിന്നീട് രത്നഗിരിയിലെ ആർപിഎഫ് ഉദ്യോഗസ്‌ഥനായ ദീപക് കാർഡിലേയുടെ നേതൃത്വത്തിൽ അടുത്ത ദിവസം രാവിലെ 5ന് കാസർകോടെത്തുന്ന ട്രെയിനിൽ പാൻട്രി മാനേജർ കൈവശം ബാഗ് ഏൽപിച്ചു. റെയിൽവേ സംരക്ഷണ സേനയുടെ സമയോചിതമായ പ്രവൃത്തിയിൽ അതീവ സന്തോഷവും നന്ദിയുമുണ്ടെന്ന് പി.എസ്.ഷഹീൻ പറഞ്ഞു.

Previous Post Next Post