കണ്ണൂർ: -പ്രതീക്ഷയറ്റ ജനങ്ങൾക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് പകർന്ന് സമരാഗ്നി ജനസദസ്സ്.
സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്നും എത്തിയ നൂറുകണക്കിന് പേരുടെ പരാതികൾക്കും ആവലാതികൾക്കും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മറുപടി പറഞ്ഞു.
ജനസദസ്സ് ചെയർമാൻ പഴകുളം മധു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, എംഎൽഎമാരായ സജീവ് ജോസഫ്,ടി. സിദ്ദിഖ്, കെപിസിസി ഭാരവാഹികളായ കെ.ജയന്ത്, ദീപ്തി മേരി വർഗീസ്, അബ്ദുൽ മുത്തലിബ്,ടി.യു. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മനുഷ്യ ജീവനേക്കാൾ വില ഒരു മൃഗത്തിനും ഇല്ല കെ. സുധാകരൻ
കണ്ണൂർ: ആറളം ഫാമിൽ മനുഷ്യരേക്കാൾ കൂടുതൽ വന്യമൃഗങ്ങളാണെന്ന് ഫാമിലെ താമസക്കാരി ശോഭ ജനസദസ്സി പറഞ്ഞു.
സമീപകാലത്ത് 10 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടാനയാണ് ഏറ്റവും കൂടുതൽ ജീവൻ എടുത്തത്. താമസസ്ഥലത്തും നടവഴിയിലും ഏത് സമയത്ത് വേണമെങ്കിലും കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെടാം.
ആറളത്ത് മാത്രമല്ല ഉളിക്കൽ പഞ്ചായത്തിലെ ആറ് വാർഡുകളുകളിലെ ജനങ്ങളെ അശാന്തിയുടെ ചിന്നംവിളി ഉറക്കം കെടുത്തുകയാണ്. അടുത്തിടെ നാട്ടുകാരായ ജോസിനെയും ജസ്റ്റിനെയും ആന ദാരുണമായി ചവിട്ടിക്കൊന്നു. ഭാര്യയോടൊപ്പം ബൈക്കിൽ പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവിനെ ഭാര്യയുടെ മുന്നിൽ വച്ചാണ് ആന ജീവൻ എടുത്തത്.
ഉറ്റവന്റെ വേർപാടിൽ നാട്ടുകാർ ദുഃഖത്തിൽ തരിച്ചു നിൽക്കുമ്പോൾ കർണാടകത്തിൽ നിന്ന് ആന ഇറങ്ങിയാൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ് വനം വകുപ്പ് മന്ത്രി പ്രതികരിച്ചതെന്ന് പറഞ്ഞപ്പോൾ വൈകാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വികാരാധിതനായി പ്രതികരിച്ചു. ' മൃഗത്തിനെക്കാൾ വില ഞങ്ങൾ മനുഷ്യർക്ക് നൽകും'.
തെറ്റുകൾ ചൂണ്ടിക്കാണിക്കൂതിരുത്താം വി.ഡി.സതീശൻ
കണ്ണൂർ: സമരാഗ്നി പ്രക്ഷോഭ യാത്രയുടെ ഭാഗമായി കെപിസിസി നടത്തുന്ന ജനസദസ് നല്ലത് കേൾക്കാൻ മാത്രമല്ല. ക്രിയാത്മകമായ വിമർശനങ്ങൾ ഉൾക്കൊള്ളാൻ കൂടി വേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കണ്ണൂരിൽ നടന്ന ജന സദസ്സിൽ പരിസ്ഥിതി പ്രവർത്തകൻ കെ.പി. ചന്ദ്രാഗതൻ പരിസ്ഥിതി വിഷയങ്ങൾ പ്രതിപക്ഷം വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്ന് പറഞ്ഞപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മുഖ്യമന്ത്രി നടത്തിയത് പോലെ ഇതൊരു ഏകാധിപത്യ യാത്രയല്ലെന്നും അദ്ദേഹം പറഞ്ഞു.
കശുവണ്ടിക്ക് ഭൗമസൂചിക പദവി നേടിയെടുക്കും കെ. സുധാകരൻ
കണ്ണൂർ: ആഗോള വിപണിയിലെ ഏറ്റവും ഗുണമേന്മയുള്ള രണ്ടാമത്തെ കശുവണ്ടി ഇനമാണ് ഇരട്ടിയിലേത്. ഈ സാധ്യത പ്രയോജനപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി കർഷകർ ജനസദസ്സിൽ ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ കശുവണ്ടി കൃഷി വലിയ പ്രതിസന്ധി നേരിടുകയാണ്. ഒരു കിലോ അണ്ടി ശേഖരിക്കാൻ 25 രൂപയാണ് കൂലി. വിപണിയിലെ അണ്ടി വില കിലോഗ്രാമിന് 100 രൂപ മാത്രമാണ്. അണ്ടി ശേഖരിക്കുന്ന ജോലി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, ഉപയോഗശൂന്യമായി നശിക്കുന്ന മാങ്ങയിൽ നിന്ന് വൈൻ ഉണ്ടാക്കുന്നതിനുള്ള നിയമം കർഷകർക്ക് സ്വയം ചെയ്യാൻ കഴിയുന്ന വിധം ലഘൂകരിക്കുക, ഇവിടത്തെ കശുവണ്ടിയുടെ പ്രത്യേകത പരിഗണിച്ച് ഭൗമസൂചിക പദവി നേടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കശുവണ്ടി കർഷകൻ ബ്രിജിത്ത് കൃഷ്ണ മുന്നോട്ടുവച്ചത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കശുവണ്ടി,റബ്ബർ,നെല്ല്,നാളികേരം, അടയ്ക്ക തുടങ്ങി പ്രതിസന്ധി നേരിടുന്ന മുഴുവൻ കർഷകരുടെയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പരാതിക്കുള്ള മറുപടിയിൽ പറഞ്ഞു.
കാലാങ്കി സ്കൂൾ അടച്ചുപൂട്ടാൻ അനുവദിക്കില്ല; വി.ഡി.സതീശൻ.
കണ്ണൂർ: ഉളിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന ഏകാധ്യാപക സ്കൂൾ അടച്ചുപൂട്ടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
അറിവിന്റെ അമൃത് തേടിയെത്തുന്ന നൂറുറോളം വിദ്യാർഥികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്ന നടപടിയുമായി സർക്കാർ മുന്നോട്ടു പോയാൽ എന്ത് വിലകൊടുത്തും ചെർക്കും.
സമരാഗ്നി പ്രക്ഷോഭ യാത്രയുടെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച ജനസദസ്സിൽ കാലാങ്കിയിലെ ഏക അധ്യാപക സ്കൂൾ സർക്കാർ അടച്ചുപൂട്ടാൻ പോകുന്നതായി അധ്യാപിക കെ.പി. ഹരിത പരാതി പറഞ്ഞപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.കാലാങ്കി വന്യമൃഗ ശല്യമുള്ള വനപ്രദേശമാണ്. സ്കൂൾ അടച്ചാൽ 8 കിലോമീറ്റർ ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.ഇത് വിദ്യാഭ്യാസം നിഷേധിക്കുന്നതിന് തുല്യമാണ്. ഉത്തരവാദിത്വമുള്ള പ്രതിപക്ഷം എന്ന നിലയിൽ കാലാങ്കി സ്കൂൾ നിലനിർത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
നെയ്ത്ത് വ്യവസായത്തിന്റെ ഊടും പാവും തെറ്റിച്ച് സർക്കാർ
കണ്ണൂർ:ജില്ലയിലെ പ്രധാന ചെറുകിട വ്യവസായമാണ് നെയ്ത്ത്. അയ്യായിരത്തോളം കുടുംബങ്ങളുടെ വരുമാനം മാർഗ്ഗമാണിത്. അൻപതോളം ചെറുതും വലുതുമായ സംഘങ്ങൾ ഇവിടെയുണ്ട്.
സംഘങ്ങളുടെ നിലനിൽപ്പിനോ തൊഴിലാളികളുടെ ക്ഷേമത്തിനോ യാതൊരുവിധ പരിഗണനയും സർക്കാർ നൽകുന്നില്ലെന്നാണ് ജനസദസ്സിൽ പങ്കെടുക്കാൻ എത്തിയവരുടെ പരാതി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നെയ്ത്തുകാർക്കും സംഘങ്ങൾക്കും വലിയൊരു ആശ്വാസമായിരുന്നു. യൂണിഫോമിനെ ആവശ്യമായ നൂല് സർക്കാർ നൽകും. കൂലിയുടെ 60% തൊഴിലാളികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. ശേഷിക്കുന്ന 40% അംഗങ്ങൾക്കുള്ളതാണ്. പദ്ധതിയുടെ പേരിൽ സംഘങ്ങൾക്ക് സർക്കാർ നൽകിയിരുന്ന പല അനുകൂല്യങ്ങളും വെട്ടിച്ചുരുക്കി.ഫലത്തിൽ സൗജന്യമായി നൽകുന്ന യൂണിഫോമിന്റെ ചിലവിന്റെ നല്ലൊരു പങ്ക് സംഘങ്ങളിൽ അടിച്ചേൽപ്പിക്കുകയായിരുന്നു.പണം കൃത്യമായി ലഭിക്കുന്നു എന്ന കാരണത്താൽ തറികളുടെ താളം നിലച്ചില്ല. എന്നാൽ കഴിഞ്ഞ എട്ടുമാസമായി തൊഴിലാളികൾക്കും സംഘങ്ങൾക്കും കൂലി നൽകിയിട്ടില്ലെന്ന് മേലെചൊവ്വ ലോക്നാഥ് വിവേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ.പവിത്രൻ ജനസദസ്സിൽ പറഞ്ഞു.
കഴിഞ്ഞ ഓണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംസ്ഥാന സർക്കാർ സമ്മാനിച്ച ഓണക്കോടി ഈ സംഘത്തിലാണ് നെയ്തെടുത്തത്. കീർത്തി കേട്ട നെയ്ത്ത് സംഘം ഇപ്പോൾ പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടുകയാണ്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് പരാതി നൽകിയപ്പോൾ സർക്കാർ അഞ്ചംഗ പഠന സംഘത്തെ കണ്ണൂരിലേക്ക് അയച്ചു. ആഗോള വിപണിയിൽ കൈത്തറിയുടെ സാധ്യത കണ്ടെത്താൻ ചില വിദേശയാത്രയും സംഘം നടത്തി. നാളിതുവരെ ഒന്നും സംഭവിച്ചില്ല. ഇതിനായി ചിലവഴിച്ച പണം ഉണ്ടായിരുന്നെങ്കിൽ കുറഞ്ഞപക്ഷം 10 സംഘങ്ങളെയെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാമായിരുന്നു എന്ന് തൊഴിലാളികൾ പറഞ്ഞു. കൈത്തറി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതോടൊപ്പം പരിഹാരം ഉണ്ടാവുന്നതുവരെ ഇടപെടുന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തൊഴിലാളികളെ അറിയിച്ചു.
സർക്കസ് കൂടാരത്തിൽ ജീവിതം ഹോമിച്ചവർ അവഗണനയിൽ
കണ്ണൂർ: കണ്ണീർ മഴയത്ത് വന്നവർ ആശ്വാസത്തിന്റെ കുടചൂടി മടങ്ങി. ജില്ലയിലെ പഴയകാല സർക്കസ് കലാകാരന്മാർ തങ്ങൾ അനുഭവിക്കുന്ന അവഗണനയുടെ മാറാപ്പുമായാണ് ജനസദസ് വേദിയിലെത്തിയത്. കണ്ണൂരിൽ മാത്രം 1300 അവശ സർക്കസ് കലാകാരന്മാരുണ്ട്. ഇവർക്ക് നാമം മാത്രം പെൻഷൻ ലഭിച്ചിരുന്നു. കഴിഞ്ഞ 9 മാസമായി പെൻഷൻ കിട്ടുന്നില്ല.
' ഏഴ് വയസ്സുള്ളപ്പോൾ എന്റ ഊര ഒടിച്ചതാണ്. അതിന്റെ നടുവേദന അമ്പതാം വയസ്സിൽ തുടങ്ങിയതാണ്. പെൻഷൻ കിട്ടുന്ന കാശു കൊണ്ടാണ് കുഴമ്പ് മേടിച്ചിരുന്നത്. തവക്കര കോളനിയിലെ സർക്കസ് കലാകാരി സി.കെ.ലീലയ്ക്ക് വാക്കുകൾ മുഴുപ്പിക്കാൻ കഴിഞ്ഞില്ല. തലതാഴ്ത്തി കണ്ണുകൾ തുടച്ചു.
മെയ് വഴക്കത്തിനായി സർക്കസിലെ ആശാൻ കുരുന്നു പ്രായത്തിൽ കുട്ടികളുടെ നട്ടെല്ലിൽ നടത്തുന്ന ഒരു പ്രയോഗമാണ് ഊരയൊടിക്കൽ. എണ്ണ പുരട്ടി നട്ടെല്ലിനെ പരുവപ്പെടുത്തിയാൽ ഏത് ദിശയിലേക്കും എങ്ങനെ വേണമെങ്കിലും വളയാനും നിവരാനും കഴിയും. സർക്കസ് ജോലി നിർത്തിയാൽ പിന്നെ നട്ടെല്ല് രോഗിയായി മാറും. ലീലയോടൊപ്പം ഉണ്ടായിരുന്ന വിജയ് ചന്ദ്രൻ,ബാബുരാജ്, കാർവേണി, ലളിത എന്നിവരെല്ലാം തന്നെ ഈ പ്രാകൃത മെയ് വഴക്ക ചികിത്സയ്ക്ക് വിധേയരായവരാണ്. വീട്ടിലെ പട്ടിണിയും ദാരിദ്ര്യവുമാണ് ഇവരെയെല്ലാം നന്നേ ചെറുപ്പത്തിലെ തന്നെ സർക്കസ് തമ്പിലെത്തിച്ചത്. കീലേരി കുഞ്ഞിക്കണ്ണൻ എന്ന സർക്കസ് ആശാൻ അൻപതുകളിൽ അത്താഴ പട്ടിണിക്കാരന്റെ ദൈവമായിരുന്നു. കുഞ്ഞിക്കണ്ണനായിരുന്നു ഒട്ടിയ വയറുള്ള കുട്ടികളെ മൂന്നുനേരം ഭക്ഷണം കിട്ടുന്ന സർക്കസ് കൂടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നത്. മരണക്കിണറിൽ 100 കിലോമീറ്റർ വേഗതയിൽ ബൈക്ക് ഓടിച്ചിരുന്ന ലീലയും കുഞ്ഞിക്കണ്ണന്റെ ശിക്ഷ്യയാണ്.
കായിക വകുപ്പിന്റെ കീഴിലാണ് അവശ സർക്കസ് കലാകാരന്മാരെ പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പെൻഷൻ നാമമാത്രമാണ്. തങ്ങളെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ ഉൾപ്പെടുത്തി മാന്യമായ പെൻഷൻ കൃത്യമായി നൽകണമെന്നാണ് ഇവരുടെ ആവശ്യം.
സർക്കസ് കലാകാരന്മാരുടെ പ്രശ്നപരിഹാരത്തിന് കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് വി.ഡി.സതീശനും കെ.സുധാകരനും ഉറപ്പു നൽകി. സർക്കസ് കലാകാരന്മാരെ നേതാക്കൾ ചേർത്ത് പിടിച്ചപ്പോൾ ഒപ്പമുണ്ടെന്ന ആശ്വാസമായിരുന്നു അവർക്ക്.