തിരുവനന്തപുരം :- ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ നീല കവറിൽ നൽകുന്ന രീതി സംസ്ഥാനം മുഴുവൻ നടപ്പാക്കുമെന്നു മന്ത്രി വീണാ ജോർജ്. എറണാകുളം ജില്ലയിലാണ് ഈ രീതി ആദ്യം നടപ്പാക്കിയതെന്നു മന്ത്രി പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ കൃത്യത പാലിക്കുന്ന ആശുപത്രികൾക്കു പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും നൽകും. രാജ്യത്തെ ആദ്യത്തെ ജില്ലാതല ആൻ്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറി. എറണാകുളം ജില്ലയാണ് ആന്റിബയോഗ്രാം പുറത്തിറക്കിയത്. ബാക്ടീരിയകൾക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്നു ക്രോഡീകരിക്കുന്നതാണ് ആൻ്റിബയോഗ്രാം. രോഗികളിൽ നിന്നു സാംപിൾ എടുത്താണ് ഇതു ചെയ്യുന്നത്.
എല്ലാ ജില്ലകളുടെയും ആന്റിബയോഗ്രാം പുറത്തിറക്കുകയാണു ലക്ഷ്യം. മൃഗപരിപാലനം, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലും അശാസ്ത്രീയമായ രീതിയിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിയിൽ നിന്നു ശേഖരിച്ച സാംപിളുകളിൽ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളെയും ജീനുകളെയും കണ്ടെത്തിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.