തിരുവനന്തപുരം :- സംസ്ഥാനത്തെ ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരുടെ പൊതുസ്ഥലം മാറ്റത്തിന് സർക്കാർ ഉത്തരവിറങ്ങി. നിരവധി പരാതിക്കും, അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഹൈക്കോടതി ഇടപെടലിനും ശേഷമാണ് വെള്ളിയാഴ്ച ഉത്തരവിറങ്ങിയത്. 2023-24 ലെ അപേക്ഷ പരിഗണിച്ചാണ് നടപടി. 2023 ൽ ഓണത്തിനു മുൻപ് ട്രാൻസ്‌ഫർ നടത്താൻ കോടതി നിർദേശിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് വിദ്യാഭ്യാസവകുപ്പ് ഉത്തരവ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതുസംബന്ധിച്ച്, മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാട സ്വാമി മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ഫെബ്രുവരി 17ന് സ്ഥലംമാറ്റം നടത്താൻ നിർദേശിച്ചിരുന്നു.
തുടർന്നാണ് വിദ്യാഭ്യാസവകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കാൻ നടപടി സ്വീകരിച്ചത്. 2023 മേയ് 31-ന് മൂന്നുവർഷം ഹയർസെക്കൻഡറി സർവിസ് പൂർത്തിയാക്കിയ അധ്യാപകർക്കും നാലും അഞ്ചും വർഷമായി ഇതര ജില്ലകളിൽ ജോലിചെയ്യുന്ന അധ്യാപകർക്കുമാണ് ഉത്തരവ് ഏറ്റവുമധികം പ്രയോജനപ്പെടുന്നത്.