തിരുവനന്തപുരം :- സർക്കാർ വക സുരക്ഷാ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിൻ്റെ പരിരക്ഷ ഇനിയും അങ്കണവാടി ജീവനക്കാർക്കു ലഭിച്ചിട്ടില്ല. സംസ്ഥാന ബജറ്റിൽ 2 ലക്ഷം രൂപ കവറേജ് ലഭിക്കത്തക്കവിധം പുതിയ ഇൻഷുറൻസ് നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 1.20 കോടി രൂപയും വകയിരുത്തി. കഴിഞ്ഞ തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ച അങ്കണം അപകട ഇൻഷുറൻസ് നടപ്പായില്ല.
വർഷം 360 രൂപ പ്രീമിയം ഈടാക്കി അപകടമരണത്തിന് 2 ലക്ഷം രൂപയും ആത്മഹത്യ ഒഴികെയുള്ള മരണത്തിന് ഒരു ലക്ഷം രൂപയും പരിരക്ഷ നൽകുമെന്നായിരുന്നു വാഗ്ദാനം. അടുത്തിടെ കേന്ദ്രവും അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ കേന്ദ്രം അങ്കണവാടി ജീവനക്കാർക്കു കൂടി ആയുഷ്‌മാൻ ഭാരത് വഴിയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്.