കണ്ണൂർ :- കണ്ണൂർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് തടയാൻ ഓടയിലെ ചെളിയും മണ്ണും നീക്കംചെയ്ത് വൃത്തിയാക്കാൻ കോർപ്പറേഷൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി പാലക്കാട് റെയിൽവേ (വർക്സ്) മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അടിപ്പാതയിലെ ഓട കോർപ്പറേഷൻ ഓടയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നതെന്നും കോർപ്പറേഷൻ ഓട നിറയുമ്പോഴാണ് അടിപ്പാതയിൽ വെള്ളം കെട്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പഴയങ്ങാടിയിലെയും തലശ്ശേരിയിലെയും അടിപ്പാതകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ പമ്പ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനുശേഷം വെള്ളക്കെട്ട് ഉണ്ടായിട്ടില്ല. ജില്ലയിലെ റെയിൽവേ അടിപ്പാതകളിൽ മഴക്കാലത്ത് അപകടകരമായ നിലയിൽ വെള്ളം കെട്ടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അഡ്വ. വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.