കണ്ണൂർ :- സംസ്ഥാനത്തെ 128 ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ച് ഉത്തരവായി. ഹയർസെക്കൻഡറി അധ്യാപകരിൽനിന്ന് 86 പേർക്കും ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ/എ.ഇ.ഒ മാരിൽനിന്ന് 42 പേർക്കുമാണ് സ്ഥാനക്കയറ്റം നൽകിയത്. കാസർഗോഡ് , കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ നിയമനങ്ങൾ.
2023 ഫെബ്രുവരിയിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സ്വീകരിച്ച് ഈ ജനുവരിയിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽനിന്നാണ് സ്ഥാനക്കയറ്റം. ഫെബ്രുവരി 16-ന് പുറപ്പെടുവിച്ച ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് ട്രിബ്യൂണൽ വിധിയെത്തുടർന്ന് സ്റ്റേയിലാണ്. ആ തീയതിക്കുമുൻപ് അധ്യാപകർ എവിടെയായിരുന്നുവെന്നതു പരിഗണിച്ചാണ് സ്ഥാനക്കയറ്റ നിയമനം. ഹയർസെക്കൻഡറിയിൽ പ്രിൻസിപ്പൽമാരും ക്ലാസെടുക്കണം. പുതുതായി എത്തുന്ന പ്രിൻസിപ്പൽമാരുടെ അതേവിഷയം പഠിപ്പിച്ചിരുന്ന അധ്യാപകർ സ്വാഭാവികമായും പുറത്താകും. (ത്രോൺ ഔട്ട്). ഇങ്ങനെ ത്രോൺ ഔട്ട് ആകുന്ന അധ്യാപകരെക്കൂടി പരിഗണിച്ചുവേണം ഇനി ഹയർസെക്കൻഡറി സ്ഥലം മാറ്റം നടത്തേണ്ടത്.