തിരുവനന്തപുരം :- സംസ്ഥാനത്തെ 136 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ലാതെ ഒരു അധ്യയനവർഷം പൂർത്തിയാകുന്നു. ഇത്രയും സ്കൂളുകളിൽ സീനിയർ അധ്യാപകനാണ് പ്രിൻസിപ്പലിൻ്റെ ചുമതല. പ്രിൻസിപ്പൽ എട്ടു പീരിയഡുകൾ പഠിപ്പിക്കുമ്പോൾ ചുമതലയുള്ള അധ്യാപകൻ കൈകാര്യം ചെയ്യുന്നത് 24 പീരിയഡുകളാണ്. പി.ടി.എ സെക്രട്ടറി എന്ന നിലയിലുള്ള ജോലിയും തദ്ദേശഭരണ സ്ഥാപനങ്ങളിലെ യോഗങ്ങളിൽ സംബന്ധിക്കേണ്ട ഉത്തരവാദിത്വവും ഉണ്ട്. പരീക്ഷാക്കാലത്ത് വാച്ച്മാൻ്റെ ജോലി കൂടി ചെയ്യേണ്ട ദുരവസ്ഥയാണ് ഈ വിഭാഗം അധ്യാപകർക്ക്.
എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യപേപ്പർ ബാങ്കിലോ ട്രഷറിയിലോ സൂക്ഷിക്കും. എന്നാൽ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ അതതു സ്കൂളിലാണ് സൂക്ഷിക്കുന്നത്. ഇതിനു കാവൽനിൽക്കുന്ന ലാബ് അസിസ്റ്റൻ്റുമാർ പലരും കോടതിയെ സമീപിച്ച് ഈ ചുമതലയിൽ നിന്നൊഴിഞ്ഞിരുന്നു. അത്തരം സ്കൂളുകളിൽ കാവൽക്കാരൻ്റെ റോളും പ്രിൻസിപ്പൽമാരുടേതാണ്. പ്രിൻസിപ്പൽമാരില്ലാത്ത സ്കൂളുകളിൽ ഈ ചുമതലയും ഇൻ-ചാർജുമാർക്കായി. ഹയർ സെക്കൻഡറി അധ്യാപകരെയും ഹൈസ്കൂൾ പ്രഥമാധ്യാപകരെയും 2:1 എന്ന അനുപാതത്തിലാണ് പ്രിൻസിപ്പൽമാരായി നിയമിക്കുന്നത്. പുതിയ നിയമനം നടത്താൻ കഴിഞ്ഞ മേയ് രണ്ടിന് അപേക്ഷക്ഷ ണിച്ചിരുന്നു. സ്ഥാനക്കയറ്റ പട്ടിക തയ്യാറേക്കണ്ട പ്രമോഷൻ കൗൺസിൽ ആറുമാസത്തിനു ശേഷമാണ് ചേർന്നത്. അന്ന് 91 ഹയർ സെക്കൻഡറി അധ്യാപകരുടെയും 45 ഹൈസ്ക്കൂൾ പ്രഥമാധ്യാപകരുടെയും പട്ടികക്ക് അംഗീകാരം നൽകി. ഇതു ഈ വർഷം ജനുവരി 17-ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ചു. എന്നിട്ടും ഇതുവരെ നിയമനം നടന്നില്ല. ഈ പട്ടികയിൽ ഉൾപ്പെട്ടവർ പലരും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിരമിക്കുന്നവരാണ്. ഇവർ സ്ഥാനക്കയറ്റം ലഭിക്കാതെ പടിയിറങ്ങേണ്ടിവരും.