കണ്ണൂർ :- ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജൽ ജീവന്‍ മിഷന്‍ പദ്ധതി ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി. ജൽ ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതികള്‍ വിലയിരുത്തുന്നതിന് തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ ആകെ 354951 കണക്ഷനുകളാണ് നല്‍കാനുള്ളത്. ഇതില്‍ 156770 കണക്ഷനുകള്‍ നല്‍കി. ബാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. റോഡുകളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജൽ ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ക്കാവശ്യമായ സ്ഥലം, റോഡ് കട്ടിങ്ങിനുള്ള അനുവാദം തേടുന്നത്, അത് സംബന്ധിച്ച പ്രശ്‌നങ്ങള്‍, ഐഇസി പ്രവര്‍ത്തനങ്ങള്‍, ഐഎസ്എ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കമ്മിറ്റി രൂപീകരിക്കുന്നത്, കൂട്ടുപുഴയില്‍ തടയണ കെട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇവ പരിഹരിക്കുന്നതിന് പിഡബ്ല്യൂഡി, ജല അതോറിറ്റി എന്നിവ സംയുക്തമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാനും സബ്കലക്ടര്‍ നിര്‍ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള, ജില്ലാ പഞ്ചായത്ത് അംഗം ഇ വിജയന്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് എഞ്ചിനീയര്‍ കെ സുദീപ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിജു വണ്ണാലത്ത്, തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എം ജാന്‍സി, പൊതുമരാമത്ത് വിഭാഗം ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ഉമാവതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.