പി എം സൂരജ് പോര്‍ട്ടല്‍ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി ഓൺലൈനായി നിർവ്വഹിക്കും


കണ്ണൂർ :- പി എം സൂരജ് നാഷണല്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം മാര്‍ച്ച് 13ന് വൈകിട്ട് നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ഒരു ലക്ഷം വ്യക്തികള്‍ക്കുള്ള വായ്പകള്‍ ഒരേ സമയം നല്‍കുക, ശുചീകരണ തൊഴിലാളികള്‍ക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള നമസ്‌തേ ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. രാജ്യത്തെ 510 ജില്ലകളില്‍ ഒരേ സമയം ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം.

കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഇതിനോടനുബന്ധിച്ച് രണ്ട് മണി മുതല്‍ നാല് മണി വരെ പരിപാടികള്‍ നടക്കും. രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ സുധാകരന്‍ എം പി, മേയര്‍ മുസ്‌ലിഹ് മഠത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ പങ്കെടുക്കും. സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനവും തൊഴിലധിഷ്ഠിത പൊതുക്ഷേമവും വായ്പ സഹായവും ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ പോര്‍ട്ടല്‍.

Previous Post Next Post