പാലക്കാട് :- മൂന്നുമാസം തുടർച്ചയായി റേഷൻവിഹിതം വാങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻവിഹിതം റദ്ദായി. മുൻഗണനാ വിഭാഗത്തിൽ ആനുകൂല്യം നേടിയിരുന്ന ഇവർ ആനുകൂല്യമില്ലാത്ത റേഷൻ കാർഡിലേക്ക് (എൻ.പി.എൻ. എസ്-നോൺ പ്രയോറിറ്റി നോൺ സബ്‌സിഡി) തരംമാറ്റപ്പെടുകയും ചെയ്തു. ഇനി മുൻഗണനാ ആനുകൂല്യം കിട്ടണമെങ്കിൽ പുതിയ അപേക്ഷ നൽകേണ്ടിവരും.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യത്തോടെയുള്ള റേഷൻവിഹിതം കൈപ്പറ്റുന്ന അന്ത്യോദയ അന്നയോജന (എ.എ.വൈ), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച്), നോൺ പ്രയോറിറ്റി സബ്സിഡി (എൻ.പി.എസ്) എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന റേഷൻകാർഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് ഇല്ലാതായത്.
പ്രയോറിറ്റി ഹൗസ് ഹോൾഡ് വിഭാഗത്തിൽപ്പെട്ട റേഷൻകാർഡുകളാണ് ഏറ്റവും കൂടുതൽ തരംമാറ്റപ്പെട്ടത്. ഈ വിഭാഗത്തിൽനിന്ന് 48,724 പേർക്ക് ആനുകൂല്യം നഷ്ടമായി. അന്ത്യോദയ അന്നയോജന വിഭാഗത്തിൽ നിന്ന് 6,672-ഉം നോൺ പ്രയോറിറ്റി സബ്സിഡിയിലുള്ള 4,292-ഉം റേഷൻ കാർഡുകൾ ആനുകൂല്യമില്ലാത്ത നോൺ പ്രയോറിറ്റി നോൺ സബ്‌സിഡി വിഭാഗത്തിലേക്ക് തരംമാറ്റി. എറണാകുളം ജില്ലയിലാണ് കൂടുതൽ പേർക്ക് ആനുകൂല്യമില്ലാതായത് (8,571). ഏറ്റവും കുറവ് വയനാട്ടിലാണ് (878).
ഏത് റേഷൻകടയിൽ നിന്ന് റേഷൻ വാങ്ങാമായിരുന്നിട്ടും മുൻഗണനാ വിഭാഗത്തിൽപെട്ടവർ വാങ്ങാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടിയെടുക്കാൻ പൊതുവിതരണവകുപ്പ് തീരുമാനിച്ചത്. ആനുകൂല്യം നഷ്ടമായവർക്ക് വീണ്ടും അപേക്ഷ നൽകി കാരണം ബോധിപ്പിച്ച് ആനുകൂല്യങ്ങൾ തിരികെ നേടാം. റേഷൻ വാങ്ങുമെന്ന് ഉറപ്പുള്ളവർക്കുമാത്രമേ കാർഡ് പുതുക്കി നൽകുകയുള്ളൂ.