തിരുവനന്തപുരം :- മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ്ങിന് (ഇ-കെ.വൈ.സി പുതുക്കൽ) സമയം നീട്ടി ചോദിച്ച് സംസ്ഥാനം. ജൂൺ 30 വരെ കാലാവധി നീട്ടണമെന്നാണ് ആവശ്യം. മാർച്ച് 31 വരെയാണ് നിലവിൽ അനുവദിച്ച കാലാവധി.
സംസ്ഥാനം കാലാവധി നീട്ടി ചോദിച്ചെങ്കിലും മസ്റ്ററിങ് വേഗത്തിലാക്കണമെന്ന നിലപാടിലാണ് കേന്ദ്രഭക്ഷ്യവകുപ്പ്. അവർ സംസ്ഥാനത്തിന് നോട്ടീസും നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച തുടങ്ങിയ മസ്റ്ററിങ്, സർവർ തകരാർ കാരണം നിർത്തിവെച്ചിരിക്കുകയാണ്. നാഷണൽ ഇൻഫർ മാറ്റിക്സ് സെന്റർ, ഐ.ടി മിഷൻ എന്നിവയ്ക്കാണ് സാങ്കേതിക ചുമതല. അവർ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് അറിയിക്കും വരെ മസ്റ്ററിങ് വേണ്ടെന്ന നിലപാടിലാണ് സംസ്ഥാനം. സംസ്ഥാനത്ത് ഇതേ വരെ 21.5 ലക്ഷം പേരാണ് മസ്റ്ററിങ് നടത്തിയത്. സംസ്ഥാനത്ത് 40 ലക്ഷം മഞ്ഞ, പിങ്ക് കാർഡുകളാണുള്ളത്.
സൗജന്യറേഷൻ വാങ്ങുന്നവരുടെ വ്യക്തിവിവരങ്ങൾ കൃത്യമാക്കണമെന്നാണ് കേന്ദ്രനിലപാട്. അനർഹർ മുൻഗണനാപട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെന്നും ഒഴിവാക്കേണ്ടതാണെന്നും അവർ പറയുന്നു. റേഷൻ ദുർബലവിഭാഗങ്ങൾക്ക് മാത്രമെന്നാണ് കേന്ദ്ര നിലപാട്. മസ്റ്ററിങ്ങിനായി നിർത്തിവെച്ചിരുന്ന റേഷൻ വിതരണം മന്ത്രിയുടെ നിർദേശപ്രകാരം പുനരാരംഭിച്ചിട്ടുണ്ട്.