തിരുവനന്തപുരം :- ലഹരിക്കായി വേദനസംഹാരി ഗുളിക വെള്ളത്തിൽ ലയിപ്പിച്ച് കുത്തിവയ്ക്കുന്ന യുവാക്കൾ മരണത്തിലേക്ക് വീഴുന്നു. കൊല്ലം ജില്ലയിൽ മാത്രം രണ്ടുവർഷത്തിനിടെ 19 പേർ മരിച്ചതായാണ് പോലീസിന്റെ രഹസ്യ റിപ്പോർട്ട്. കഴിഞ്ഞദിവസം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു യുവാവ് ഇങ്ങനെ മരിച്ചു. കാൻസർ, ന്യൂറോ രോഗങ്ങൾക്ക് നൽകുന്ന കടുപ്പമേറിയ വേദനസംഹാരി ഗുളിക വെള്ളത്തിൽ ലയിപ്പിച്ച് കുത്തിവയ്പ്പെടുത്ത യുവാവാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്. മരണകാരണം വേദനസംഹാരി ഗുളികയാണെന്ന് ഉറപ്പിക്കാനായിട്ടില്ല എന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം പറയുന്നത്. എന്നാൽ മരിച്ച മുഴുവൻ യുവാക്കൾക്കും ഹെപ്പറ്റൈറ്റിസ്-ബി സ്ഥിരീകരിച്ചിരുന്നു. ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്യെടുക്കുന്നതാണ് മരുന്നായി ഉപയോഗിച്ചുവരുന്നത്. മുംബൈയിലെ മൊത്തവിതരണക്കാരിൽ നിന്ന് കൂറിയർ വഴിയും മറ്റും കേരളത്തിൽ എത്തിക്കുകയാണിവർ.
കൊല്ലത്ത് യുവാവ് മരിച്ച സംഭവത്തിനുശേഷം ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ സംഘത്തിൻ്റെ താഴേയറ്റത്തെ കണ്ണിയെ പിടികൂടി. ഇയാൾക്ക് മരുന്നു കൊടുക്കുന്നത് ഇരവിപുരം സ്വദേശിയാണെന്ന് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടു. ഡിസംബറിൽ കേരളത്തിലേക്ക് കൊണ്ടു വന്ന 15,000 ഗുളിക പിടിച്ച സംഭവത്തിലെ പ്രതിയാണ് റാക്കറ്റിലെ പ്രധാന കണ്ണിയെന്ന് പോലീസ് സംശയിക്കുന്നു. 10 ഗുളിക അടങ്ങുന്ന ഒരു സ്ട്രിപ്പിന് 350 രൂപയിൽ താഴെയേ മുംബൈയിൽ വിലയുള്ളൂ. 2,000 രൂപയ്ക്കാണ് ഇവർ കേരളത്തിൽ കൊണ്ടുവന്നു വിൽക്കുന്നത്.കുത്തിവയ്പ് എടുക്കുമ്പോൾ - ഗുളികയുടെ തരികളോ വായുവോ ഉള്ളിൽ കടന്നാണോ മരണമുണ്ടാകുന്നതെന്നും സംശയമുണ്ട്. സമീപകാലത്ത് കുഴഞ്ഞുവീണു മരിച്ച യുവാക്കളെ സംബന്ധിച്ച വിവരങ്ങൾ രഹസ്യപോലീസ് ശേഖരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.