കണ്ണൂർ :- കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന കെ.എസ്.ആർ.ടി.സി യുടെ ബജറ്റ് ടൂറിസം സെൽ നേടുന്നത് കോടികളുടെ വരുമാനം. 2021 നവംബറിലാണ് യാത്രകൾ ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബർ വരെയുള്ള കാലയളവിൽ 29 കോടി രൂപയാണ് വരുമാനം.
കണ്ണൂർ ബജറ്റ് ടൂറിസം സെൽ യൂണിറ്റാണ് വരുമാനത്തിൽ ഒന്നാം സ്ഥാനത്ത് (2.53 കോടി രൂപ). 2022 ഫെബ്രുവരിയിലാണ് കണ്ണൂർ യൂണിറ്റിൽ പദ്ധതിയാരംഭിച്ചത്. വരുമാനത്തിൽ ഒന്നാംസ്ഥാനത്തെത്താൻ സാധിച്ചത് ദീർഘദൂരയാത്രകളെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണെന്ന് കണ്ണൂർ യൂണിറ്റിന് നേതൃത്വം നൽകുന്ന വി.മനോജ് കുമാർ, പി.ഗിരീഷ് കുമാർ, കെ.ജെ റോയ്, കെ.ആർ തൻസീർ എന്നിവർ പറഞ്ഞു.
അമ്പതോളം യൂണിറ്റുകളിലാണ് നിലവിൽ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പ്രവർത്തിക്കുന്നത്. വരുമാനം ഉയരുന്നതു കണക്കിലെടുത്ത് എല്ലാ യൂണിറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനും വിപുലമാക്കാനും കെ.എസ്. ആർ.ടി.സി ആലോചിക്കുന്നുണ്ട്. വിനോദസഞ്ചാര, വനം വകുപ്പുമായി ചേർന്നാണ് ടൂർ പാക്കേജുകൾ നിശ്ചയിക്കുന്നത്. ഒമ്പതിനായിരത്തിലധികം ട്രിപ്പുകളാണ്. ഇതുവരെ നടത്തിയത്. അഞ്ചുലക്ഷം പേർ യാത്രചെയ്തു.