ഡിജിറ്റൽ പരസ്യങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ 31 ശതമാനം വർധന



മുംബൈ :- രാജ്യത്ത് ഡിജിറ്റൽ പരസ്യങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ 2022-നെ അപേക്ഷിച്ച് 2023- ൽ 31 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. ടാം മീഡിയയുടെ 2023 റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോവിഡിനു തുടക്കമായ 2019 കാലത്തെക്കാൾ ഡിജിറ്റൽ പരസ്യങ്ങളിൽ നാലുമടങ്ങുവരെ വർധനയുണ്ടായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2023 ജനുവരി-മാർച്ച് കാലയളവിനെ അപേക്ഷിച്ച് ഒക്ടോബർ- ഡിസംബർ മാസങ്ങളിൽ ഡിജിറ്റൽ പരസ്യങ്ങളിൽ 71 ശതമാനം വർധനയുണ്ടായതായും റിപ്പോർട്ട് പറയുന്നു. ഒരു ആപ്പിൽ അല്ലെങ്കിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഒരേ പരസ്യം എത്ര തവണ പ്രദർശിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 

എത്രപേർ പരസ്യത്തിൽ ക്ലിക്ക് ചെയ്തു എന്നത് ഇതിൽ നിന്നു വ്യക്തമല്ല. വിവിധ പ്ലാറ്റ്ഫോമുകളിലായി കൂടുതൽ തവണ പരസ്യം പ്രദർശിപ്പിച്ചതിൽ ആമസോൺ ഇന്ത്യ, സ്നാപ് ഐ.എൻ.സി, സാംസങ് ഇന്ത്യ, ആപ്പിൾ ഇന്ത്യ, ഫ്ലിപ്‌കാർട്ട് എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിൽ. കൂടുതൽ തവണ പരസ്യം നൽകിയ പത്തു കമ്പനികൾ മൊത്തം പ്രദർശിപ്പിച്ച പരസ്യങ്ങളുടെ 16 ശതമാനം വരെയാണ്. 2023-ൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ 99,000 കമ്പനികൾ പരസ്യങ്ങൾ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. പ്രോഗ്രാമിങ് രീതിയിലുള്ള പരസ്യങ്ങളാണ് ഡിജിറ്റൽ പരസ്യങ്ങളിൽ കൂടുതൽ പ്രചാരത്തിലുള്ളത്. മൊത്തം പരസ്യങ്ങളുടെ 78 ശതമാനം വരുമിത്.

Previous Post Next Post