ചെലവ് ചുരുക്കലിന്റെ ഭാഗമായി KSRTC ബസുകൾക്ക് ഡീസൽ 'അളന്ന്' നൽകും


തിരുവനന്തപുരം :- ചെലവ് കുറയ്ക്കലിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഡീസൽ 'അളന്ന്' നൽകാൻ നീക്കംതുടങ്ങി. ഓരോ ഷെഡ്യൂളിലും പരമാവധി ഉപയോഗിക്കാൻ കഴിയുന്ന ഡീസലിന്റെ അളവ് രേഖപ്പെടു ത്താനും ഇന്ധന വിനിയോഗം കൃത്യമായി വിലയിരുത്താനുമാണ് നീക്കം. വിവിധ തലങ്ങളിൽ ഇന്ധന ഉപയോഗത്തിന്റെ കണക്ക് ഉദ്യോഗസ്ഥർ അവലോകനം ചെയ്യും.ബസുകൾ ഓരോ ട്രിപ്പിലും ഓടുന്ന കിലോമീറ്റർ ഡ്രൈവർമാർ രേഖപ്പെടുത്തണം. ഗാരേജിൻ്റെ ചുമതലയുള്ളയാൾ ദിവസവും ഓരോ ഷെഡ്യൂളിനും ഉപയോഗിക്കേണ്ട ഡീസലിന്റെ അളവ് കണക്കാക്കണം. ഏതെങ്കിലുമൊരു ബസിൽ കൂടുതൽ ഡീസൽ ഉപയോഗിക്കേണ്ടിവന്നാൽ ഉടൻ തന്നെ പരിഹാരനടപടികളെടുക്കണം.

ഓരോ ബസിൻ്റെയും ഓരോ ഡിപ്പോയുടെയും ഡീസൽച്ചെലവ് കൃത്യതയോടെ നിരീക്ഷിക്കുകയും ചെലവ് കുറയ്ക്കാത്ത ഡിപ്പോകൾക്ക് നില മെച്ചപ്പെടുത്താൻ നിശ്ചിതസമയം അനുവദിക്കുകയും ചെയ്യുന്നുണ്ട്. നടപടികളിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കാനാണ് നീക്കം. ഇന്ധനക്ഷമതയെ ബാധിക്കുന്ന തരത്തിൽ ബസുകൾക്കുള്ള തകരാറുകൾ കണ്ടെത്തിയാൽ പെട്ടെന്നുതന്നെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് പുതിയ നിർദേശം. ക്ലച്ചിന്റെ തകരാറുകൾ, എയർലീക്ക്, ഡീസൽ ചോർച്ച, ബ്രേക്ക് ജാമിങ് തുടങ്ങിയവ കണ്ടാൽ ഉടൻ ബസുകൾ ഗാരേജിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തണം. വേനൽച്ചൂട് ഏറിയതോടെ ഉച്ചസമയങ്ങളിൽ ബസുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. അതിനാൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ സർവീസുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ സമയത്ത് ഫാസ്റ്റ് പാസഞ്ചർ ബസുകളടക്കമുള്ളവ വിവിധ ഡിപ്പോകളിൽ സർവീസ് അവസാനിപ്പിക്കുകയാണ്. ബസുകളിലെ യാത്രക്കാരെ അതേ റൂട്ടിലോടുന്ന മറ്റ് ബസുകളിൽ കയറ്റിവിടും. ഒരേ റൂട്ടിൽ യാത്രക്കാരില്ലാതെ ബസുകൾ നിരനിരയായി ഓടുന്ന സാഹചര്യം ഒഴിവാക്കിയത് ചെലവ് ഗണ്യമായി കുറയാൻ ഇടയാക്കിയിട്ടുണ്ട്.

Previous Post Next Post