കാഞ്ഞങ്ങാട് :- സംസ്ഥാന ഭാഗ്യക്കുറിയുടെ 10 കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ നടക്കും. ടിക്കറ്റിൻ്റെ വിറ്റുവരവ് 83,88,79,250 രൂപ. ഏജൻസി കമ്മിഷനും ജി.എസ്.ടിയുമുൾപ്പെടെയാണിത്. 1,53,433 സമ്മാനങ്ങളിലായി 34.10 കോടി രൂപയും സമ്മാനത്തുകയിലെ ഏജൻസി കമ്മിഷൻ ഇനത്തിൽ 3.41 കോടി രൂപയുമാണ് നൽകേണ്ടത്. കഴിഞ്ഞ വർഷത്തേക്കാൾ 1,08,619 ടിക്കറ്റുകളുടെ അധിക വില്പനയാണുണ്ടായത്.
ആകെ അച്ചടിച്ച 36 ലക്ഷം ടിക്കറ്റുകളിൽ 33,55,517 എണ്ണവും വിറ്റു. കഴിഞ്ഞവർഷം 32,46,898 ടിക്കറ്റുകളും 2022-ൽ 31,62,080 ടിക്കറ്റുകളുമാണ് വിറ്റത്. ഒരു വർഷം ആറ് ബമ്പർ ലോട്ടറികളാണ് വില്പനയെത്തുന്നത്. ഏറ്റവും കൂടുതൽ തുക ഒന്നാം സമ്മാനം നൽകുന്നത് തിരുവോണം ബമ്പറിനാണ്. കഴിഞ്ഞ രണ്ടുവർഷവും 25 കോടി രൂപയായിരുന്നു ഇത്. രണ്ടുവർഷത്തെ വില്പനയിൽ വിഷു ബമ്പർ ടിക്കറ്റിൽ മാത്രമാണ് ഏറ്റക്കുറച്ചിലുണ്ടായത്. 2022-നെ അപേക്ഷിച്ച് 23-ലെ വില്പന കുറവായിരുന്നു.