ട്രഷറികളിൽ കെട്ടിക്കിടക്കുന്നത് തദ്ദേശസ്ഥാപനങ്ങളുടെ 95,941 ബില്ലുകൾ


തിരുവനന്തപുരം :- ചൊവ്വാഴ്ച വൈകുന്നേരം വരെ ട്രഷറികളിൽ കെട്ടിക്കിടക്കുന്നതു തദ്ദേശസ്ഥാപനങ്ങളുടെ 95,941 ബില്ലുകൾ. 1936.86 കോടി രൂപയുടെ ബില്ലുകളാണിത്. സാമ്പത്തിക വർഷം തീരാൻ നാലു ദിവസം ബാക്കി നിൽക്കേ തദ്ദേശസ്ഥാപനങ്ങളുടെ തുകചെലവഴിക്കൽ 50.38 ശതമാനം മാത്രമാണ്. കെട്ടിക്കിടക്കുന്ന ബില്ലുകൾ പാസായാൽ ഇത് 67.49 ശതമാനമാകും.

എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഇതിനുള്ള സാധ്യത കുറവാണ്. 7460.65 കോടി രൂപയാണു സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ബജറ്റു വിഹിതം. ഇതിൽ  3791.03 കോടി രൂപയാണു ചെലവഴിച്ചത്.

കൂടുതൽ തുക ചെലവഴിച്ചതു തിരുവനന്തപുരം ജില്ലയാണ്. ആകെ ചെലവിടേണ്ട 789.47 കോടിയിൽ 451.78 കോടി രൂപ. മുന്നിട്ടുനിൽക്കുന്ന ജില്ലയായിട്ടു പോലും ചെലവഴിച്ചത് 57.23 ശതമാനം മാത്രം. പാലക്കാട്, എറണാകുളം, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ 50 ശതമാനം പോലും ചെലവഴിക്കാനായിട്ടില്ല. ഏറ്റവും പിന്നിൽ ഇടുക്കിയാണ് 44.75 ശതമാനം. തദ്ദേശസ്ഥാപനങ്ങളിൽ ചെലവഴിക്കുന്നതിൽ മുന്നിലുള്ളതു ബ്ലോക്ക് പഞ്ചായത്തുകളാണ് - 55.03 ശതമാനം. ഗ്രാമപ്പഞ്ചായത്തുകൾ-53.11, ജില്ലാപ്പഞ്ചായത്തുകൾ -48.37, നഗരസഭകൾ-47.63, കോർപ്പറേഷനുകൾ-42.62 എന്നിങ്ങനെയാണ് മറ്റു തദ്ദേശസ്ഥാപനങ്ങളുടെ ചൊവ്വാഴ്ച വരെയുള്ള ചെലവഴിക്കൽ ശതമാനം. 

ട്രഷറി അക്കൗണ്ടിൽ പണമുണ്ടെങ്കിലും ബില്ലു പാസാക്കാനാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പലരുടെയും ബില്ല് കംപ്യൂട്ടറിൽ ലോഡാകുന്നില്ല. അഥവാ, ലോഡായാലും അക്കൗണ്ട് നമ്പർ രേഖപ്പെടുത്താനാകുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. മാർച്ചിൽ ഒരുമിച്ചു ബില്ലു മാറാൻ നോക്കുമ്പോൾ സെർവർ പണിമുടക്കുന്നതാണെന്നാണ് അധികൃതരുടെ വിശദീകരണം.

Previous Post Next Post