തിരുവനന്തപുരം :- തിരഞ്ഞെടുപ്പിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നൽകിയിരുന്ന തപാൽ വോട്ട് സൗകര്യം ഇനി 85 വയസ്സിന് മുകളിലുള്ളവർക്കു മാത്രമായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
ദേശീയ ഇലക്ഷൻ കമ്മിഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ് ഇതിനായി ഉത്തരവിറക്കിയത്. ഇത്തരത്തിൽ വോട്ട് ചെയ്യേണ്ടവർ ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമിൽ (ഫോം 12 ഡി) തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം അപേക്ഷ നൽകണം. ബൂത്ത് ലെവൽ ഓഫീസർമാരിൽ നിന്ന് അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് നൽകാം. അപേക്ഷകൾ പരിശോധിച്ചു വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. പോളിങ് ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ച് തപാൽ ബാലറ്റ് നൽകും. വോട്ട് രേഖപ്പെടുത്തി നൽകുന്ന ബാലറ്റ് ഇവർ കൈപ്പറ്റും.