കണ്ണൂർ :- കടുത്തചൂടിൽ വൈദ്യുതി ഉപയോഗം കുത്തനെ കൂടിയപ്പോൾ രാത്രി വോൾട്ടേജ് കുറയുന്നു. 11 കിലോവോൾട്ട് (കെ.വി.) ഫീഡ റുകളിൽ ഇപ്പോൾ ഒൻപത്-10 കെ.വി. മാത്രമേ വോൾട്ടേജ് എത്തുന്നുള്ളു. അതിനനുസരിച്ച് വീടുകളിലെത്തുന്ന സിംഗിൾ ഫേസ് 230 വോൾട്ട് 190-170 വോൾട്ടായി കുറഞ്ഞു. ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. രാത്രി ലോഡ് മുഴുവൻ ഒന്നിച്ചുവരുമ്പോൾ 11 കെ.വി. ഫീഡറുകൾ (ട്രിപ്പ്) ഓഫ് ആകുന്നു. സബ്സ്റ്റേഷനുകളിലെ ലോഡിൽ വൻവർധനയാണ് രേഖപ്പെടുത്തുന്നത്. മാർച്ചിലെ കണക്ക് പ്രകാരം 5150 മെഗാവാട്ട് ആണ് വൈകീട്ടുള്ള കൂടിയ ഉപയോഗം.
അഞ്ചുവർഷങ്ങളിലെ മാർച്ച് മാസത്തെ ലോഡിനേക്കാൾ ഉയർന്നതാണിത്. 3874 മെഗാവാട്ട് ആണ് ഇപ്പോൾ പകൽ നേരമുള്ള കൂടിയ ഉപയോഗം വൈദ്യുതി ഉപയോഗം മാർച്ച് 13- ന് 10.2 കോടി യൂണിറ്റിലെത്തി. 2023 ഏപ്രിലിലെ 10.3 കോടി യൂണിറ്റ് മാത്രമാണ് ഇതിന് മുന്നിലുള്ളത്.
വോൾട്ടേജ് കുറയുമ്പോൾ വൈദ്യുതി ഉപകരണം നിശ്ചിത ലക്ഷ്യം കൈവരിക്കാൻ കൂടുതൽ സമയം പ്രവർത്തിപ്പിക്കേണ്ടിവരും. ഉദാഹരണത്തിന് എ.സി. ആണെങ്കിൽ നിശ്ചിത താപനിലയിലേക്ക് മുറിതണുപ്പിക്കാൻ കൂടുതൽ സമയമെടുക്കും. ഇത് വൈദ്യുതിബിൽ തുക കൂടാനും കാരണമാകും.