ഖര-മാലിന്യ പ്ലാന്റുകളിലെ അഗ്‌നിബാധ പ്രതിരോധത്തിന് ഫയര്‍ ഓഡിറ്റ് സംഘം


കണ്ണൂർ :- ജില്ലയിലെ ഖര-മാലിന്യ പ്ലാന്റുകളിലെ അഗ്‌നിബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഫയര്‍ ഓഡിറ്റ് സംഘവുമായി ദുരന്തനിവാരണ അതോറിറ്റി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് കൗണ്‍സിലര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, എല്‍എസ്ജി എന്‍ജിനിയറിങ് വിങ്, അഗ്‌നിശമനസേന, റസിഡന്റ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഫയര്‍ ഓഡിറ്റ് സംഘമാണ് പ്രവര്‍ത്തിക്കുക. കൂടാതെ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ തദ്ദേശസ്വയംഭരണ വകുപ്പ് നിയോഗിച്ച് പതിവായി പരിശോധന നടത്താനും ദുരന്തനിവാരണ അതോറിറ്റിയുടെ ഉഷ്ണകാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ തീരുമാനിച്ചു. കെഎസ്ഡബ്യൂഎംപി ജില്ലയിലെ എംസിഎഫ്, ആര്‍ആര്‍എഫ്, ഡംപ് സൈറ്റുകളില്‍ തീപിടിക്കുന്നത് തടയാന്‍ പതിവായി മോണിറ്ററിങ് ചെയ്യാനും നിര്‍ദേശം നല്‍കി. ഫയര്‍ സ്റ്റേഷനുകളില്‍ മാലിന്യ പ്ലാന്റുകളില്‍ തീ അണക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പ് നടത്തും. കാട്ടുതീ, മനുഷ്യ-മൃഗ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ തീരുമാനിച്ചു. സ്ഥിരമായി കാട്ടുതീ പടരുന്ന പ്രദേശങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ടെത്തി അവിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍ദേശിച്ചു. കാട്ടുതീ ഉണ്ടാകുന്നിടത്ത് ഉടന്‍ വിവരം നല്‍കാന്‍ വളണ്ടിയര്‍മാരെ സജ്ജീകരിക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കി. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനമേഖലകളില്‍ വരുന്ന ഫയര്‍സ്റ്റേഷനുകളില്‍ കാട്ടുതീ നേരിടാനുള്ള ഒരുക്കങ്ങള്‍ സജ്ജീകരിക്കാനും തീരുമാനിച്ചു. വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കാട്ടുതീയുമായി ബന്ധപ്പെട്ട് ജാഗ്രത പുലര്‍ത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പും നല്‍കണം. മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങളുടെ കടന്നുകയറ്റം കുറക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ അതിര്‍ത്തികളില്‍ റിഫ്ളക്ടര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി.   

Previous Post Next Post