കണ്ണൂർ :- ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും പെരുമാറ്റ ചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനും ജില്ലയില്‍ 24 നിരീക്ഷണ സ്‌ക്വാഡുകള്‍ ഒരുങ്ങി. ഓരോ നിയമസഭ മണ്ഡലത്തിലും രണ്ടുവീതം സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. ഇവര്‍ക്കായി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ പരിശീലനം നല്‍കി.
ജില്ലാതലത്തില്‍ എംസിസി നോഡല്‍ ഓഫീസര്‍ എഡിഎം കെ നവീന്‍ബാബുവിന്റെ നേതൃത്വത്തിലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. ഇതിനു പുറമെ ജില്ലാതലത്തില്‍ രണ്ട് പ്രത്യേക സ്‌ക്വാഡുമുണ്ട്. എംസിസി ലംഘനങ്ങള്‍ നിരീക്ഷിച്ച് നടപടി എടുക്കുന്നതിനൊപ്പം അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യും. ഇതിനായി ചുമതലയുള്ള പ്രദേശങ്ങളിലെത്തി പരിശോധന നടത്തും. പരാതി ലഭിച്ചാല്‍ അതും പരിശോധിച്ച് നടപടിയെടുക്കും. സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കലാണ് പ്രധാന ചുമതല. ഇതിനായി രാഷ്ട്രീയപാര്‍ട്ടി യോഗങ്ങള്‍, ജാഥകള്‍ തുടങ്ങിയവ ക്യാമറയില്‍ പകര്‍ത്തുകയും നിരീക്ഷിക്കുകയും ചെയ്ത് ചട്ടലംഘനമില്ലെന്ന് ഉറപ്പാക്കും. ജാഥകളില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ചുള്ള പോസ്റ്റര്‍, കോലം കത്തിക്കല്‍ എന്നിവ അനുവദിക്കില്ല. ജാതി-മത വികാരങ്ങള്‍ വ്രണപ്പെടുത്തിയുള്ള വോട്ട് തേടല്‍, സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയെ വിമര്‍ശിക്കല്‍, വീടുകള്‍ക്ക് മുന്നിലുള്ള പ്രതിഷേധ പ്രകടനം തുടങ്ങിയവ ചട്ടലംഘനമാണ്. പൂര്‍ണ്ണമായും ഹരിത പെരുമാറ്റചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പായതിനാല്‍ പ്രചാരണത്തിന് പ്ലാസ്റ്റിക്, പോളിത്തീന്‍ എന്നിവ ഉപയോഗിക്കരുത്. മൃഗങ്ങളെ ഉപയോഗിക്കല്‍, പൊതുസ്ഥലത്ത് ഫ്ളക്സ് സ്ഥാപിക്കല്‍, അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്രചരണ ബോര്‍ഡ് സ്ഥാപിക്കല്‍ എന്നിവ അനുവദിക്കില്ല.
എന്നാല്‍ എം സി സി നിലവില്‍ വരുന്നതിന് മുമ്പ് ആരംഭിച്ച പ്രവൃത്തികള്‍, തൊഴിലുറപ്പ് പദ്ധതി പോലെ ഗുണഭോക്താക്കളെ നിലവില്‍ തെരഞ്ഞെടുത്ത പദ്ധതികള്‍, പൂര്‍ത്തിയാക്കിയ പദ്ധതികളുടെ തുക നല്‍കല്‍, അടിയന്തര പ്രാധാന്യമുള്ള ദുരിതാശ്വാസ പ്രവൃത്തികള്‍ തുടങ്ങിയവക്ക് തടസമില്ല.
മൈതാനങ്ങള്‍, പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍ എന്നിവ സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ പ്രാധാന്യത്തോടെ മാത്രം നല്‍കണം. മറ്റ് സൗകര്യങ്ങള്‍ ഇല്ലെങ്കിലേ സ്‌കൂള്‍, കോളേജ് മൈതാനങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ വിട്ടുനല്‍കു. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസ്, സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവയില്‍ രാഷ്ട്രീയ പ്രചരണം പാടില്ല.
തെരഞ്ഞടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നത് മുതല്‍ തന്നെ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. ഓരോ സ്‌ക്വാഡിലും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു വീഡിയോഗ്രാഫറുമടക്കം അഞ്ച് പേരുണ്ടാകും. 22 സ്‌ക്വാഡുകളിലായി 110 പേരും ജില്ലാതലത്തിലുള്ള രണ്ട് സ്‌ക്വാഡുകളിലായി 34 പേരും ഉണ്ടാകും. അങ്ങനെ ആകെ 144 പേരെയാണ് എംസിസി സ്‌ക്വാഡിന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുക.
പരിശീലന പരിപാടിയില്‍ എ ഡി എം കെ നവീന്‍ബാബു അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ ട്രെയിനര്‍ എം പി വിനോദ്കുമാര്‍ ക്ലാസെടുത്തു. ജില്ലാ ട്രെയിനിങ്ങ് നോഡല്‍ ഓഫീസര്‍ നെനോജ് മേപ്പടിയത്ത് സംസാരിച്ചു.