ഹയർസെക്കൻഡറി സ്ഥലംമാറ്റം ; അധ്യാപകർക്ക് ശമ്പളം ലഭിക്കാൻ ക്രമീകരണം


തിരുവനന്തപുരം :-  അഡ്‌മിനി സ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായ ഹയർസെക്കൻഡറി അധ്യാപകർക്ക് ശമ്പളം മാറിക്കിട്ടാൻ സർക്കാർ ക്രമീകരണം ഏർപ്പെടുത്തി. ജോലി ചെയ്യുന്ന സ്കൂളിൽനിന്ന് വിടുതൽ ചെയ്യുകയും ട്രിബ്യൂണൽ വിധിയെത്തുടർന്ന് പുതിയ സ്കൂളിൽ ചേരാൻ കഴിയാതെവരുകയും ചെയ്യുന്ന നാനൂറിലേറെ അധ്യാപകരുണ്ട്. ശമ്പളവിതരണ സോഫ്റ്റ്വേറായ സ്പാർക്കിൽ സ്ഥലംമാറ്റം രജിസ്റ്റർ ചെയ്യപ്പെട്ടെങ്കിലേ ഇവർക്ക് ശമ്പളം ലഭിക്കൂ എന്നതായിരുന്നു പ്രതിസന്ധി.

വിടുതൽ ചെയ്തവരുടെ സ്പാർക്ക് ട്രാൻസ്ഫർ ചെയ്യാത്ത സാഹചര്യത്തിൽ പഴയ സ്കൂളിൽനിന്നുതന്നെ ശമ്പളം മാറി നൽകാമെന്നാണ് ഉത്തരവ്. എച്ച്.എസ്. എസ്.ടി ജൂനിയർ അധ്യാപകർ പുതിയ സ്കൂളിൽ ചേർന്നെങ്കിലും അവരുടെ സ്പാർക്ക് മാറാത്തതിലെ പ്രശ്നമുണ്ട്. അവർക്ക് പഴയ സ്കൂളിൽ നിന്നുതന്നെ ശമ്പളം മാറിക്കിട്ടും. സ്ഥലം മാറ്റം ലഭിച്ചവർക്ക് സ്പാർക്ക് രജിസ്ട്രേഷൻ പ്രിൻസിപ്പൽമാർ മാറ്റിനൽകിയിട്ടുണ്ടെങ്കിൽ അവർക്ക് പുതിയ സ്കൂളിൽ നിന്ന് ശമ്പളം മാറാം. മാർച്ചിലെ ശമ്പളം മാറിക്കിട്ടുന്നതിനു മാത്രമാണ് ഇത്തരമൊരു ക്രമീകരണമെന്നും സർക്കാർ വ്യക്തമാക്കി.

Previous Post Next Post