കൊച്ചി :- ആവി പറക്കുന്ന ചോറിനും പായസത്തിനുമൊക്കെ ഒപ്പം പട പടാന്നു പൊടിച്ചു ചേർത്തു കഴിക്കുന്ന പപ്പടത്തിനും ഇനി ഗുണനിലവാര മുദ്ര. പപ്പട നിർമാതാക്കളുടെ സംഘടനയായ കേരള പപ്പട് മാനുഫാക്ചറേഴ്സ‌് അസോസിയേഷനാണു (കെപ്‌മ) മുദ്ര നൽകുന്നത്. ഏപ്രിൽ ഒന്നു മുതൽ പാക്കറ്റിനു പുറത്തു 'കെപ്‌മ' മുദ്രയുമാണു പപ്പടം വിപണിയിലെത്തുക. അസോസിയേഷൻ നിശ്ചയിച്ച ഗുണനിലവാര മാനദണ്ഡം അനുസരിക്കുന്ന നിർമാതാക്കൾക്കു മാ ത്രമാണു കെപ്‌മ മുദ്ര പതിക്കാനുള്ള അവകാശം ഉഴുന്നു പൊടിയും പപ്പടക്കാരവുമാണു യഥാർഥ പപ്പടത്തിൻ്റെ ചേരുവകൾ. എന്നാൽ, ഉഴുന്നു പൊടിക്കും പപ്പടക്കാരത്തിനും 50 ശതമാനം വരെ വില വർധിച്ചതോടെ പലരും മൈദ ഉപയോഗിച്ചു പപ്പടം തയാറാക്കുന്നതായി ഉപഭോക്താക്കൾ പരാതി പറയാറുണ്ടെന്ന് കെപ്‌മ സംസ്‌ഥാന ജനറൽ സെക്രട്ടറി വിനീത് പ്രാരത് പറയുന്നു.
യഥാർഥ ചേരുവകൾ ഉപയോഗിച്ചു തയാറാക്കുന്ന പപ്പടം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നതിനാണു കെപ്‌മ മുദ്ര. പപ്പട നിർമാതാക്കളുടെ അപേക്ഷ പരിഗണിച്ചു ഗുണനില വാരം പരിശോധിച്ചു ബോധ്യപ്പെട്ട ശേഷമാണു മുദ്ര നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പപ്പട പാക്കറ്റിൽ നിലവാര മുദ്ര പതിക്കുന്നതിൻ്റെ പേരിൽ വില കൂടില്ല. നിലവിൽ പ്രതിദിനം വിൽക്കുന്നതു ശരാശരി 70 ലക്ഷം പപ്പടമാണ്. ഓണം, വിവാഹ സീസണുകളിൽ പിന്നെയും ഉയരും. സംസ്ഥാനത്ത് ഏകദേശം 1,500 പപ്പട നിർമാണ യൂണിറ്റുകളുണ്ട്.