കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ
ആത്മരഹസ്യങ്ങൾ നിറഞ്ഞ അനുഷ്ഠാനമുറയാണ് വ്രതം. മനുഷ്യരെ ആധ്യാത്മ പ്രചോദിതരായി നീങ്ങാൻ പാകപ്പെടുത്തുന്നതിന് പുറമേ ഉടമയായ അല്ലാഹുവുമായി അടുത്തബന്ധം സ്ഥാപിക്കാൻ ഒരുപാട് അവസരങ്ങൾ ഒരുക്കുന്നുണ്ട് ഈ പുണ്യകാലം. പലവിധ സാമൂഹിക സാഹചര്യങ്ങളിലൂടെ ജീവിച്ചുപോരുന്ന മനുഷ്യരെ കൂടുതൽ കാമ്പുള്ളവരാക്കാനും ചിട്ടപ്പെടുത്താനുമാണ് റംസാൻ രൂപകല്പന ചെയ്തിട്ടുള്ളത്. വിശ്വാസിജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം സ്വർഗീയ അനുഭൂതിയാകയാലും അതിലേക്കുള്ള വഴി ആരെയും ദ്രോഹിക്കാതെ നന്മകൾ ചെയ്ത് മുന്നേറുക എന്നതായതിനാലും അവയ്ക്ക് ഊർജം നൽകുന്ന ആരാധനാമുറകളും ശീലങ്ങളുമാണ് റംസാൻ്റെ അകക്കാമ്പായി ക്രമീകരിച്ചിട്ടുള്ളതുതന്നെ. അഥവാ, ഇന്നേവരെയുള്ള ജീവിതത്തെ അവലോകനം ചെയ്യാനും മുന്നിലുള്ള കാലം എവ്വിധമാവണമെന്ന് നിശ്ചയിക്കാനുമുള്ള ആത്മപരിശോധനയുടെ അവസരം. ശരീരത്തിന്റെറെ വിശപ്പിനും ആഗ്രഹങ്ങൾക്കും നിർണിതമായ അവധി നൽകി ആത്മാവിൻ്റെ വിശപ്പകറ്റാനും സൗന്ദര്യം വർധിപ്പിക്കാനും ഈ കാലം മനുഷ്യനെ നിരന്തരം പ്രേരിപ്പിക്കുന്നു. ഓരോ നന്മകൾക്കും എത്രയോ ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്ത് പ്രചോദിപ്പിക്കുന്നു. ഭൗതികജീവിതം മോഹങ്ങളിലേക്കും വികാരങ്ങളിലേക്കും മനുഷ്യനെ നയിച്ചേക്കും. സമ്പത്തിന്റെയും സൗകര്യങ്ങളുടെയും പേരിൽ എത്ര കൊലപാതകങ്ങളാണ് ദിനം തോറും അരങ്ങേറുന്നത്. എത്രനേടിയാലും മാനസിക അസംതൃപ്തിയും പ്രയാസങ്ങളുമൊക്കെയായിരിക്കും ഇത്തരം കർമങ്ങളുടെ അനന്തരഫലം. ചെറിയ ക്ലേശങ്ങളും പ്രയാസങ്ങളും അനുഭവപ്പെടുമ്പോഴേക്ക് ഒരു ക്ഷമയും കാണിക്കാതെ ജീവനൊടുക്കുന്നവരും ഇന്ന് ധാരാളമാണ്. ഭൗതികലോകമാണ്, ഇവിടത്തെ നേട്ടനഷ്ടങ്ങളാണ് എല്ലാം എന്ന് കരുതുമ്പോഴാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ആത്മാവിന് പോഷണം നൽകിയാൽ ഇതെല്ലാം പരിഹരിക്കാനാവും. യഥാർഥസുഖവും നേട്ടവും ഇതൊന്നുമല്ല എന്ന് തിരിച്ചറിയാനാവും.
രാത്രി നിസ്താരം ഉൾപ്പെടെയുള്ള റംസാനിലെ സവിശേഷ ആരാധനകൾ ഇന്നേവരെ ലഭിച്ച അംഗീകാരങ്ങൾക്കുള്ള നന്ദിയർപ്പിക്കലാണ്. ആത്മാവിനെ ശുദ്ധീകരിക്കാൻ ഈ നിസ്താരങ്ങൾ വലിയ മുതൽക്കൂട്ടാണ്. നമ്മുടെ ബുദ്ധിക്കും ചിന്തയ്ക്കും ഒരു അപ്ഡേഷനുമില്ലാതെ പോവുമ്പോഴാണ് പലവിധ കുഴപ്പങ്ങളിൽ നാം ചെന്നുചാടുന്നത്. അതിനാൽ വിജ്ഞാന സമ്പാദനത്തിന് റംസാനിലെ വലിയൊരു സമയം തന്നെ വിനിയോഗിക്കണം. ഉപകാരപ്രദമായ അറിവ് സമ്പാദിക്കുകയെന്നത് വളരെയധികം പുണ്യമുള്ള കാര്യമാണ്. ഞാനാണ് വലിയവൻ, എനിക്കാണ് സമ്പത്ത്, എനിക്കാണ് കൂടുതൽ അനുയായികൾ തുടങ്ങിയ മനുഷ്യസഹജമായ അഹങ്കാരങ്ങളെ ഇല്ലാതാക്കാൻ നോമ്പിനു സാധിക്കും.
ഉള്ളിൽ ഭയഭക്തിയുള്ളവരാണ് അല്ലാഹുവിന്റെയടുക്കൽ ഏറ്റവും ഉത്തമർ എന്ന സത്യമറിഞ്ഞ് സമ്പത്തോ മറ്റു ഭൗതികനേട്ടങ്ങളോ പരിഗണിക്കാതെ ഭക്തിയുടെ മാർഗത്തിൽ മത്സരിക്കാനാണ് ഓരോ മനുഷ്യരും ഓരോ റംസാനിലും നെട്ടോട്ടമോടേണ്ടത്. മനസ്സിന്റെ ശുദ്ധി കൂടിയാണ് മനുഷ്യൻ്റെ ശുദ്ധിയെന്നതിനാൽ തിന്മകളുടെ ബഹളങ്ങളിൽനിന്നു മാറിനിൽക്കാൻ മനസ്സിനെ പരുവപ്പെടുത്തേണ്ടതുണ്ടന്ന് ഇസ്ലാം വിശ്വാസികളോട് കല്പിക്കുന്നുണ്ട്. അതിനാൽ ഇന്നേവരെയുള്ള തിന്മകളെല്ലാം ശുദ്ധീകരിക്കാനും നന്മയിലധിഷ്ഠിതമായ ജീവിതപദ്ധതി ക്രമീകരിക്കാനും ഈ മുപ്പതുദിനങ്ങൾ നമുക്ക് ഊർജം നൽകട്ടെ.