കൊളച്ചേരി :- ഭാരത്‌ഭവൻ പുരസ്‌കാരം ശ്രീധരൻ സംഘമിത്രയ്ക്ക് സമ്മാനിച്ചു. ഭാരത്‌ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. മധുകൊട്ടാരത്തിൽ ഗ്രാമീണനാടക രചനാപുരസ്ക്കാരത്തിനാണ് ശ്രീധരൻ സംഘമിത്ര അർഹനായത്.
ജനകീയ കലയായ നാടകവും വിവിധ ഭാഷകളിലെ സാംസ്‌കാരിക ചിന്തകൾക്ക് സർഗ്ഗാത്മകതയുടെ പാലമായി പ്രവർത്തിക്കുന്ന വിവർത്തന കലയും പുതിയ കാലത്ത് ഉണർന്ന് പ്രവർത്തിക്കേണ്ടുന്ന കലകൾ ആണെന്ന് മന്ത്രി പറഞ്ഞു. മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ഓമനക്കുട്ടി, പ്രൊഫ.വി.കാർത്തികേയൻ നായർ, കെ.എ ബീന, വട്ടപ്പറമ്പിൽ പീതാംബരൻ, പ്രൊഫസർ.അലിയാർ, റോബിൻ സേവ്യർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവർത്തന സമഗ്ര സംഭാവന പുരസ്ക്കാരം പ്രൊ.വി.ഡികൃഷ്ണൻ നമ്പ്യാർക്കും, വിവർത്തന രത്നപുരസ്ക്കാരം രാജേശ്വരി ജി നായർക്കും, വിവർത്തന രത്ന സ്പെഷ്യൽ ജൂറി പുരസ്ക്കാരം സന്ധ്യ ഇടവൂരിനും നെടുമുടിവേണു ഗ്രാമീണ നാടക സമഗ്ര സംഭാവന പ്രഥമ പുരസ്ക്കാരം ആര്യനാട് സത്യനും മന്ത്രി സജി ചെറിയാൻ സമർപ്പിച്ചു. തുടർന്ന് പുരസ്ക്കാര ജേതാക്കൾ മറുമൊഴിയും നടത്തി. ജനപ്രിയതയുടെയും മാനവീകതയുടേയും ഗാനങ്ങൾ കോർത്തിണക്കി വി.കെ. എസ് ഗായക സംഘം അവതരിപ്പിച്ച ജനഗീതവും ഉണർവ്വ് കലാസംഘം അവതരിപ്പിച്ച വൈവിദ്ധ്യമാർന്ന കലാവതരണങ്ങളും പുരസ്‌ക്കാര വിതരണത്തിന്റെ ഭാഗമായി അരങ്ങേറി.