കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിൽ പലയിടങ്ങളിലായി പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു. ഈ വിഷയത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യാപകമായ പരാതികളാണ് ഉയരുന്നത്. പലയിടങ്ങളിൽ നിന്നും നിരവധി തവണ വാട്ടർ അതോറിറ്റിയെ ബന്ധപ്പെട്ടെങ്കിലും പരിഹാരമായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വരൾച്ചയോടടുക്കുന്ന ഈ കൊടും ചൂട് കാലത്ത് ഇത്തരത്തിൽ ഉപകാരപ്രദമല്ലാതെ വെള്ളം പാഴാകുന്നത് വലിയ പ്രയാസം ഉണ്ടാക്കുന്നതായും നാട്ടുകാർ പറയുന്നു.
ചേലേരി 10-ാം വാർഡിൽ തറച്ചിയിൽ കൂറുമ്മൽ താഴെ റോഡിൽ വൈറ്റ് ഹൗസിന് സമീപം പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു. ഇങ്ങനെ പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം സമീപത്തെ അംഗൻവാടിയിൽ കുഴിക്കുന്ന കിണറിൽ എത്തുന്നു. ഇത് കിണർ നിർമ്മാണ തൊഴിലാളികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടക്കുകയാണ്. സമീപ പ്രദേശത്തുള്ള വീടുകളിലെ കിണറുകളിലും ഈ വെള്ളം എത്തുന്നുണ്ട്. ഇതോടെ ഇവിടുത്തെ കിണറുകളിലെ വെള്ളത്തിന്റെ നിറത്തിലും രുചിയിലും വ്യത്യാസം വന്നിരിക്കുകയാണ്. കിണറുകളിലെ വെള്ളത്തിന് ചെളിയുടെ മണമാണ് ഉള്ളത്. ഈ വിഷയം വാട്ടർ അതോറിറ്റിയെ അറിയിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ദാലിൽ അംഗൻവാടി റോഡിലും സമാനമായി വെള്ളം പാഴാകുന്നുണ്ട്.
കൊളച്ചേരിപ്പറമ്പ് രിഫാഈ മസ്ജിദിന് സമീപം ദിവസങ്ങളോളമായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയാണ്. റോഡരികിൽ ചെളിയും വെള്ളവും നിറഞ്ഞ അവസ്ഥയിലാണ് . നിരവധി തവണ വിളിച്ച് പരാതി അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ വെള്ളം റോഡ് വഴിയാണ് ഒഴുകുന്നത്. അധികൃതർ ഇടപെടാത്തതിനാൽ നാട്ടുകാർ തന്നെ വെള്ളം തടഞ്ഞുനിർത്തുകയാണ്.
കൊളച്ചേരി പഞ്ചായത്തിൽ പാട്ടയം, പെരുമാച്ചേരി, പള്ളിപ്പറമ്പ് തുടങ്ങി പലയിടങ്ങളിലായി സമാനമായ രീതിയിൽ വ്യാപകമായി പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാക്കുന്നുണ്ട്. ഇത്തരത്തിൽ പൈപ്പ് പൊട്ടി റോഡ് വഴി വെള്ളം ഒഴുകി റോഡിൽ ചെളി നിറയുന്നത് കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ഈ കൊടും വേനൽകാലത്തും ഇത്തരത്തിൽ വെള്ളം ഉപയോഗശൂന്യമായി പോകുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊളച്ചേരി പഞ്ചായത്തിലെ പല ഭാഗങ്ങളിൽ നിന്നും ഇത്തരം പ്രശ്നങ്ങൾ കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതരും വാർഡ് മെമ്പർമാരും ഉൾപ്പടെ വാട്ടർ അതോറിറ്റിയെ അറിയിച്ചുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുള്ള നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.