കുരുമുളക് :- കുരുമുളക് വില വീണ്ടും ഇടിയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ കിലോഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. അൺഗാർബിൾഡ് മുളകിന് കിലോഗ്രാമിന് 491 രൂപയാണ് വില. ഗാർബിൾഡിന്റെ വില 511 രൂപയായും ഇടിഞ്ഞു. ജനുവരിയിൽ കിലോഗ്രാമിന് 42 രൂപയും ഫെബ്രുവരിയിൽ 44 രൂപയും കുറഞ്ഞിരുന്നു. രണ്ട് മാസത്തിനിടയിൽ കുറഞ്ഞത് 86 രൂപയാണ്.
തമിഴ്‌നാട്ടിലും കർണാടകയിലും വിളവെടുപ്പ് തുടങ്ങിയതാണ് വില കുറയാൻ കാരണം. വില കൂടുമെന്നു കരുതി കേരളത്തിലെ കർഷകർ കുരുമുളക് വൻതോതിൽ ശേഖരിച്ചിരുന്നു. സാമ്പത്തിക സമ്മർദമേറിതോടെ കർഷകർ ശേഖരിച്ച മുളക് ഒറ്റയടിക്ക് വിപണിയിലേക്ക് എത്തിച്ചതും വില ഇടിയാൻ കാരണമായതായി കച്ചവട സമൂഹം ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളകിന്റെ വില ഇപ്പോഴും കൂടിയ നിലയിൽ തന്നെയാണ്. ടണ്ണിന് 6,580 ഡോളറാണ് ഇന്ത്യൻ മുളകിന്റെ വില. ശ്രീലങ്കൻ മുളകിന് 6,550 ഡോളറായി ഉയർന്നു. അതുകൊണ്ട് ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതി നിലച്ചിരിക്കുകയാണ്. വിയറ്റ്നാമിൽ നിന്നുള്ള ഇറക്കുമതിയും ഇല്ല. വില പ്രതിദിനം കുറയുന്നതിനാൽ ആഭ്യന്തര വിപണിയിൽ കുരുമുളക് വാങ്ങാൻ കച്ചവടക്കാർ താത്പര്യം കാട്ടുന്നില്ല. വില അപ്രതീക്ഷിതമായി ഇടിയുന്നത് കർഷകരെ ദുരിതത്തിലാക്കുകയാണ്.