കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് നിര്യാതനായി

 



വാരം :-കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് (68) അന്തരിച്ചു. കണ്ണൂർ വാരത്തെ 'തീർഥം' വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌ക ആഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.


2005-ൽ 'താപം' ചെറുകഥ സമാഹാരം മികച്ച ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2006 വരെ പള്ളിക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗണിതശാസ്ത്ര അധ്യാപകൻ ആയിരുന്നു.


തുടർന്ന് കണ്ണൂർ സൗത്ത് എഇഒ ആയി. തലശ്ശേരി ഡിഇഒ ആയാണ് വിരമിച്ചത്. വളപട്ടണം പാലം, ദശാവതാരം, സ്നേഹ ദൃശ്യങ്ങൾ, ഇന്ത്യയുടെ ഭൂപടം, സൗന്ദര്യ ലഹരി, കൈകേയി, വിധവകളുടെ വീട്, കിളിപ്പേച്ച് കേക്കവാ, തണൽ, നട്ടാൽ മുളയ്ക്കുന്ന നുണകൾ തൊട്ടാൽ പൊള്ളുന്ന സത്യങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ.


കഥ, നോവൽ എന്നിവക്ക് പുറമേ നാടകങ്ങൾ, റേഡിയോ നാടകങ്ങൾ, ബാലസാഹിത്യം, അനുഭവ കുറിപ്പുകൾ, ജീവചരിത്രം, യാത്ര വിഭാഗങ്ങളിലായി 40- ഓളം കൃതികൾ പ്രസിദ്ധീകരിച്ചു.


ജോസഫ് മുണ്ടശ്ശേരി അവാർഡ്, ചെറുകഥ ശതാബ്ദി അവാർഡ്, അബുദാബി ശക്തി അവാർഡ്, മയിൽപ്പീലി പുരസ്‌കാരം, വി ടി ഭട്ടതിരിപ്പാട് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ നേടി. കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ സീനിയർ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗവും കേന്ദ്രസാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായിരുന്നു.

ഭാര്യ വി ഗീത (റിട്ട. പ്രഥമാധ്യാപിക, കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ). മക്കൾ: പ്രഗീത് (എൻജിനിയർ, കോയമ്പത്തൂർ), തീർഥ. മരുമകൾ: ശാരിക (അധ്യാപിക, കോയമ്പത്തൂർ). സഹോദരി: പരേതായ പുഷ്‌പ. തിങ്കൾ രാവിലെ 8-ന് വീട്ടിൽ പൊതുദർശനം, തുടർന്ന് സംസ്കാരം വൈകീട്ട് 3.30-ന് പയ്യാമ്പലത്ത്.

Previous Post Next Post