കണ്ണൂർ :- അയക്കൂറയുടെ വില കുതിച്ചുകയറി ആയിരമായി. മത്സ്യഫെഡിന്റെ വാഹനവിൽപ്പന സംവിധാനമായ അന്തിപ്പച്ചയിൽ ബുധനാഴ്ച ഒരു കിലോഗ്രാം അയക്കൂറയ്ക്ക് 1000 രൂപയായി. പൊതുവിപണിയിലാകട്ടെ, കണ്ണൂരിൽ 980-ഉം തലശ്ശേരിയിൽ 900 രൂപയും.
ചോമ്പാൽ, അഴീക്കൽ മീൻ പിടിത്ത തുറമുഖത്തെ ബോട്ടുകളിൽനിന്ന് കൊണ്ടുവരുന്നവയ്ക്കാണ് ഇത്രയും വില. ചൂടുകാരണം ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുകയറാൻ കാരണമായി പറയുന്നത്. കേരളത്തിന് പുറത്തു നിന്നെത്തിക്കുന്ന അയക്കൂറയ്ക്ക് പൊതുവിപണിയിൽ വില താരതമ്യേന കുറവാണ്.
കിലോഗ്രാമിന് 700-നും 800-നും ഇടയ്ക്കാണ് വില. മത്സ്യഫെഡിന്റെ വാഹന വിൽപ്പനയിൽ ഞായറാഴ്ച കിലോ ഗ്രാമിന് 940 രൂപയായിരുന്നു. രണ്ടാഴ്ചയ്ക്കിടെയാണ് വില കുതിച്ചുകയറിയത്. ഫെബ്രുവരി 21-ന് അയക്കൂറയ്ക്ക് 720 രൂപയുണ്ടായിരുന്നപ്പോൾ ആവോലിയുടെ വില 710 ആയിരുന്നു. അതേസമയം, ബുധനാഴ്ച ആവോലിയുടെ വില 630 രൂപയായി കുറഞ്ഞു.