കണ്ണൂർ :- കുടുംബശ്രീ കേരള ചിക്കൻ പദ്ധതിക്കായി ജില്ലയിൽ കൂടുതൽ ഫാമുകൾ ആരംഭിക്കുന്നു. പുതുതായി 8 ഫാമുകൾ തുറക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്ന ത്. പടിയൂർ, പാപ്പിനിശേരി, എരമം, കുറ്റൂർ, മട്ടന്നൂർ, ചാവശേരി, ആലക്കോട് എന്നിവിടങ്ങളിലായി നിലവിൽ 6 ഫാമുകളുണ്ട്. ഈ ഫാമുകളിൽ നിന്ന് ആദ്യഘട്ടത്തിൽ 14,000ത്തിലേറെ കോഴികളെ കേരള ചിക്കൻ ഔട്ട്ലെറ്റുകളിലേക്ക് വിതരണത്തിന് കൈമാറി. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലയിൽ കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്.
സ്ഥല സൗകര്യം അനുസരിച്ച് ഒരോ ഫാമിലും ചുരുങ്ങിയത് 1000 മുതൽ 5000 വരെ കോഴിക്കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. കോഴിക്കോട്ടെ കേരള ചിക്കൻ പദ്ധതിക്കുള്ള ബ്രോയ്ലർ ഫാമിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങ ളെ ജില്ലയിലേക്ക് എത്തിക്കുന്നത്. പുതുതായി എരമം, കുറ്റൂർ (3 എണ്ണം), പെരിങ്ങോം, പരിയാരം, വേങ്ങാട്, കണിച്ചാർ, മയ്യിൽ എന്നിവിടങ്ങളിൽ ഫാമുകൾ തുറക്കും. ഈ ഫാമുകളിൽ 21,350 കോഴികളെ എത്തിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ പദ്ധതി വിജയമായതിന്റെ പിന്നാലെയാണ് കേരള ചിക്കൻ ജില്ലയിലും നടപ്പാക്കുന്നത്. പൊതുമാർക്കറ്റിനേക്കാൾ വില കുറച്ചാണ് കേരള ചിക്കൻ ലഭ്യമാക്കുക. കുടുംബശ്രീ- മൃഗസംരക്ഷണ വകുപ്പ്- കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ (കെപ്കോ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
ഉൽപാദനം മുതൽ വിപണനം വരെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ആണ്. ഒരു ദിവസം പ്രായമായ കോഴി കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് നൽകി, വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കേരള ചിക്കൻ ഔട്ട് ലെറ്റുകൾ വഴി വിപണനം നടത്തും.