ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് നൂറ് രൂപ കുറച്ചു


ദില്ലി : വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്‍റെ വില നൂറ് രൂപ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

100 രൂപ കുറയുന്നതോടെ നിലവില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയില്‍ നിന്ന് 810 ആയിമാറും. ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി ഒരുവര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാനാണ് ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനൊപ്പം തന്നെ ദേശീയ 'എ ഐ' മിഷൻ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Previous Post Next Post