തിരുവനന്തപുരം :- സംസ്‌ഥാനത്ത് ഇലക്ട്രോണിക് പോയിൻ്റ് ഓഫ് സെയിൽ ( ഇ - പോസ്) സംവിധാനം തകരാറിലായി റേഷൻ വിതരണം തടസ്സപ്പെടുന്നതിനു കാരണം ഐടി മിഷനു കീഴിലെ സെർവറിൻ്റെ ശേഷി വർധിപ്പിക്കാത്തതാണ് എന്നു വ്യക്തമായി. ശേഷി വർധിപ്പിക്കാൻ മുൻപെടുത്ത തീരുമാനങ്ങൾ നടപ്പാകാതിരുന്നതാണു തിരിച്ചടിയായത്.
റേഷൻ വിതരണത്തിനു പുറമേ മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് കാർഡുകളിലെ അംഗങ്ങളുടെ മസ്‌റ്ററിങ് ആരംഭിച്ചതോടെ ആധാർ സെർവറുമായി ബന്ധം സ്‌ഥാപിക്കാനാവാതെ ഐടി മിഷൻ്റെ സെർവർ പ്രവർത്തനം കഴിഞ്ഞ ദിവസങ്ങളിൽ തടസ്സപ്പെട്ടു. കാർഡ് അംഗങ്ങളുടെ ആധാർ വിവരങ്ങൾ പരിശോധിച്ചാണ് മസ്‌റ്ററിങ് നടത്തുന്നത്. 6 മുതൽ 8 ലക്ഷം പേർ വരെ റേഷൻ വാങ്ങുന്ന ദിവസങ്ങളിൽ മുൻപ് സുഗമമായി ഇ പോസ് പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഇത്രയും റേഷൻ ഇടപാടുകൾ പോലും നടത്താനാകാത്ത സ്‌ഥിതിയാണ്.
രണ്ടു വർഷം മുൻപ്, ഇടയ്ക്കിടെ ഇ പോസിൽ തകരാർ ഉണ്ടായപ്പോൾ സെർവറിൽ ഡേറ്റ ബാക്അപ് പ്രവർത്തനം നടത്തിയതിനാൽ സ്‌ഥിതി മെച്ചപ്പെട്ടിരുന്നു. ഇപ്പോൾ പ്രതിദിനം ഒരു ലക്ഷത്തിലേറെ കാർഡ് അംഗങ്ങളുടെ ഇ കെവൈസി (ഉപയോക്‌താവിനെ തിരിച്ചറിയുക) മസ്റ്ററിങ് കൂടി നടത്തേണ്ടി വരുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കു ശേഷം മസ്റ്ററിങ് ആരംഭിച്ചതോടെ ഇപോസ് സംവിധാനം തകരാറിലായി. തുടർന്ന് ഒരു മണിക്കൂറിനു ശേഷം മസ്‌റ്ററിങ് നിർത്തിവച്ചു.