ചെന്നൈ :- ഐപിഎൽ പതിനേഴാം സീസണിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉദ്ഘാടന മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ചെന്നൈയിലെ ചെപ്പോക്കില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക. എം എസ് ധോണിയും വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിന്‍റെ മാറ്റ് കൂടും. അപ്രതീക്ഷിതമായി ഇന്നലെ നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോണിക്ക് പകരം റുതുരാജ് ഗെയ്‌ക്‌വാദാണ് സിഎസ്‌കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍. പുരുഷന്‍മാരുടെ ഐപിഎല്ലില്‍ ഇതുവരെ നേടാന്‍ കഴിയാത്ത കിരീടം ഇത്തവണ ഉയര്‍ത്തുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ലക്ഷ്യം.
സ്റ്റാര്‍ സ്പോര്‍ട്‌സാണ് ഐപിഎല്‍ മത്സരങ്ങള്‍ ടെലിവിഷനിലൂടെ ആരാധകരില്‍ എത്തിക്കുന്നത്. അതേസമയം ജിയോ സിനിമയുടെ വെബ്‌സൈറ്റും ആപ്ലിക്കേഷനും വഴിയാണ് മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ്. ചെപ്പോക്കില്‍ ഏഴരയ്ക്ക് ടോസ് വീഴും.
ഐപിഎൽ പതിനേഴാം പതിപ്പിൽ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് താരസമ്പന്നമായ ഉദ്ഘാടന ചടങ്ങാണ്. എ ആർ റഹ്മാന്‍റെ സംഗീത വിരുന്നാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം. ഗായകരായ സോനു നിഗം, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ടൈഗർ ഷറോഫ് എന്നിവരും ചടങ്ങ് കൊഴുപ്പിക്കും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് ആറരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങുക. ആര്‍സിബിയില്‍ വിരാട് കോലി കോലിക്കും ഫാഫ് ഡുപ്ലസിക്കും പുറമെ ഗ്ലെന്‍ മാക്‌സ്‌വെല്ലും കാമറൂണ്‍ ഗ്രീനും ദിനേശ് കാര്‍ത്തിക്കും മുഹമ്മദ് സിറാജുമുണ്ട്. ചെന്നൈയിലാവട്ടെ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മൊയീന്‍ അലി, ശിവം ദുബെ തുടങ്ങിയവര്‍ ശ്രദ്ധേയമാവും.