കൊച്ചി :- സംസ്ഥാനത്തെ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് കേസുകൾ ഇനി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) റഡാറിൽ. പാക്കിസ്താൻ, ആഫ്രിക്കൻ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസുകളാണ് ഇതിൽ പലതും. കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ പോലീസ് രജിസ്റ്റർ ചെയ്ത 20 കേസുകളാണ് എൻ.ഐ.എ അന്വേഷിക്കുക. ഏഴു കേസുകൾ മലപ്പുറത്തേതും ആറു കേസുകൾ കോഴിക്കോട്ടേതുമാണ്. കൊച്ചിയിലും പാലക്കാട്ടും രണ്ടുവീതവും തൃശ്ശൂർ, കാസർഗോഡ്, കണ്ണൂർ എന്നിവടങ്ങളിൽ ഓരോ കേസുമാണുള്ളത്. ഇതു സംബന്ധിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന രീതിയിൽ കേരളത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തേ കണ്ടെത്തിയതാണ്. അഞ്ഞൂറും ആയിരവും സിം കാർഡുകൾ സംസ്ഥാനത്തിന് പുറത്തുനിന്നും സംഘടിപ്പിച്ചാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളുടെ നടത്തിപ്പ്. രാജ്യമാകെയുള്ള ശൃംഖലയാണെന്നതും സമാനമായ ഉപകരണങ്ങളാണ് എല്ലായിടത്തും ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.