ബെംഗളൂരു :- ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയസ്ഥലത്തിന് രാജ്യം നൽകിയ 'ശിവശക്തി പോയിൻ്റ്' എന്നപേര് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (ഐ.എ.യു) അംഗീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ 3-ന്റെ ഭാഗമായ ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഓഗസ്റ്റ് 26-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലാൻഡർ ഇറങ്ങിയസ്ഥലം 'ശിവ ശക്തി പോയിന്റ്' എന്നറിയപ്പെടുമെന്ന് പ്രഖ്യാപിച്ചു. ഈ മാസം 19-നാണ് ഐ.എ.യു ഈ പേരിന് അംഗീകാരം നൽകിയത്. ഗ്രഹങ്ങളുടെ ഉപരിതലങ്ങൾക്ക് പേരുനൽകാൻ അന്താരാഷ്ട്ര അംഗീകാരമുള്ള അതോറിറ്റിയാണ് ഐ.എ.യു.
ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും ഉപരിതല സവിശേഷതകൾ തിരിച്ചറിയാനാണ് നാമകരണം നടത്തുന്നത്. ഐ.എ.യു ഒമ്പതാം നമ്പർ ചട്ടപ്രകാരം ഗ്രഹോപരിതലങ്ങൾക്ക് രാഷ്ട്രീയം, സൈനികം, മതം എന്നിവയുമായി ബന്ധപ്പെട്ട പേരുകൾ ഉപയോഗിക്കാൻ പാടില്ല. എന്നാൽ 19-ാം നൂറ്റാണ്ടിന് മുമ്പുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ഉപയോഗിക്കാം. പുരുഷന്റെയും (ശിവ) സ്ത്രീയുടെയും (ശക്തി) ദ്വന്ദസ്വഭാവം ചിത്രീകരിക്കുന്ന ഇന്ത്യൻ പുരാണങ്ങളിൽനിന്നുള്ള സംയുക്ത പദമാണ് ശിവശക്തിയെന്ന് ഐ.എ.യു ചൂണ്ടിക്കാട്ടി.