ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയുടെ മൊത്തവരുമാനം 2.56 ലക്ഷം കോടി രൂപ


മുംബൈ :- മാർച്ച് 31-ന് അവസാനിച്ച സാമ്പത്തികവർഷം ഇന്ത്യൻ റെയിൽവേയുടെ മൊത്തവരുമാനം 2.56 ലക്ഷം കോടി രൂപ. ചരക്ക്-യാത്ര വിഭാഗത്തിൽനിന്നുള്ള മൊത്തം വരുമാനമാണിത്. റെയിൽവേയുടെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്. 2022-23 സാമ്പത്തിക വർഷത്തെ 2.40 ലക്ഷം കോടി രൂപയെക്കാൾ ആറു ശതമാനമാണ് വർധന. കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

2023-24 സാമ്പത്തികവർഷം റെയിൽവേ 1591 ദശലക്ഷം ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. 787.6 ദശ ലക്ഷം ടൺ കൽക്കരിയും 181 ദശലക്ഷം ടൺ ഇരുമ്പയിരും 154 ദശലക്ഷം ടൺ സിമന്റുമുൾപ്പെടെയാണിത്. മുൻ വർഷം 1512 ദശലക്ഷം ടൺ ചരക്കാണ് റെയിൽവേ കൈകാര്യം ചെയ്തത്. അടുത്ത സാമ്പത്തികവർഷമിത് 1650 ദശലക്ഷം ടണ്ണിലെത്തിക്കാനും റെയിൽവേ ലക്ഷ്യമിടുന്നു.

കഴിഞ്ഞ സാമ്പത്തികവർഷം 5300 കിലോമീറ്റർ പുതിയ ട്രാക്ക് നിർമിച്ചു. 551 ഡിജിറ്റൽ സ്റ്റേഷനുകളും തുടങ്ങി. 7188 കിലോമീറ്റർ പാത വൈദ്യുതീകരിച്ചു. ശരാശരി ദിവസം 14.5 കിലോമീറ്ററാണ് വൈദ്യുതീകരണം നടപ്പാക്കിയതെന്ന് റെയിൽവേ അധികൃതർ സൂചിപ്പിച്ചു. മുൻ സാമ്പത്തിക വർഷമിത് 6565 കിലോമീറ്ററായിരുന്നു. ഇടക്കാല ബജറ്റിലെ നിർദേശമനുസരിച്ച് 2024- 25 സാമ്പത്തികവർഷം റെയിൽവേക്ക് 2.52 ലക്ഷം കോടി രൂപയുടെ മൂലധന ചെലവാണ് പ്രതീക്ഷിക്കുന്നത്. ട്രാക്ക് നിർമാണം, പുതിയ വാഗൺ പുറത്തിറക്കൽ, വൈദ്യുതീകരണം, സിഗ്നലിങ്, പുതിയ സ്റ്റേഷൻ നിർമാണം തുടങ്ങിയ കാര്യങ്ങൾക്കാകും ഈ തുക ചെലവിടുക.

Previous Post Next Post