മലപ്പുറം :- പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽ മോഷണം. നഷ്ടമായത് 350 പവൻ സ്വർണം. പ്രതിക്കായുള്ള അന്വേഷണം മുറുക്കി പൊലീസ്. പൊന്നാനി ഐശ്വര്യ തിയറ്ററിന് സമീപം മണപ്പറമ്പിൽ രാജീവിൻ്റെ വീട്ടിലാണു ശനിയാഴ്ച പുലർച്ചെ വൻ മോഷണം നടന്നത്. ദുബായിയിൽ താമസിക്കുന്ന രാജീവിന്റെ അടുത്തേക്ക് ദിവസങ്ങൾക്കു മുൻപ് ഭാര്യ വീട് അടച്ചിട്ട് എത്തിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ആരുമില്ലാത്ത വീട്ടിൽ വൻ മോഷണം നടന്നത്. തിരൂർ ഡിവൈഎസ്‌പി പി. പി.ഷംസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വീട്ടിലെ ലോക്കറിലുണ്ടായിരുന്ന സ്വർണമാണു നഷ്ടപ്പെട്ടിരിക്കുന്നത്. വിദേശത്തായിരുന്ന കൂടുംബം നാട്ടിലെത്തിയാണ് നഷ്ടം സ്‌ഥിരീകരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വീട് വൃത്തിയാക്കാൻ ജോലിക്കാരിയെത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ തകർത്ത നിലയിൽ കണ്ടത്. വീട്ടിലെ സിസിടിവിയും തകർത്തിട്ടുണ്ട്. വീട്ടിൽ ആരുമില്ലാത്ത സാഹചര്യം മനസ്സിലാക്കുകയും വീടും പരിസരവും കൃത്യമായി ബോധ്യപ്പെടുകയും ചെയ്തിട്ടുള്ളയാളാകാം മോഷ്‌ടാവെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി.